എം.ഡി.എം.എയുമായി പിടിയിലായ ഹരികൃഷ്ണൻ എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം
കോട്ടക്കൽ: കൊറിയർ വഴിയെത്തിയ എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് പിടികൂടി. കോട്ടക്കൽ കൈപ്പള്ളിക്കുണ്ട് സ്വദേശി കുറുന്തല വീട്ടിൽ ഹരികൃഷ്ണനാണ് (25) അറസ്റ്റിലായത്. കോട്ടക്കൽ നഗരത്തിൽ പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക്ക് ഇയാൾക്കായെത്തിയ പാർസലിൽ നിന്ന് 54 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ഇത്തരത്തിൽ എത്തുന്ന മയക്കുമരുന്ന് ജില്ലയിൽ വിതരണം നടത്തുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് മാസങ്ങൾ നീണ്ട നിരീക്ഷണത്തിലൊടുവിലാണ് ഇയാൾ പിടിയിലായത്.
വിപണിയിൽ 15 ലക്ഷത്തിലധികം വിലവരുന്ന മാരക മയക്കുമരുന്നാണിതെന്ന് അസിസ്റ്റന്റ് എക്സൈസ് കമീഷണർ ടി. അനികുമാർ പറഞ്ഞു.ബംഗളൂരുവിൽ നിന്നാണ് കൊറിയർ വഴി ലഹരി വസ്തു എത്തിയത്. ഏറ്റുവാങ്ങാൻ കോട്ടക്കലിലെത്തിയതായിരുന്നു. മുമ്പും ഇയാൾ എം.ഡി.എം.എ കൊറിയറായി വരുത്തിയിരുന്നതായി എക്സൈസ് സംഘം അറിയിച്ചു.
20 വർഷം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. ഇയാളുടെ വീട്ടിലും എക്സൈസ് പരിശോധന നടത്തി. സ്പെഷൽ സ്ക്വാഡ് സി.ഐ ജി. കൃഷ്ണ കുമാർ, ഇൻസ്‌പെക്ടർ എസ്. മധുസൂദനൻ നായർ, ടി.ടി. പ്രജോഷ് കുമാർ, കെ. മുഹമ്മദ് അലി, ആർ. രാജേഷ്, എസ്. ഷംനാദ്, മലപ്പുറം എക്സൈസ് സി.ഐ ജിജി പോൾ, മുഹമ്മദ് അബ്ദുൽ സലീം, സി. പ്രകാശ്, എൻ.കെ. മിനുരാജ്, കെ. അബിൻ രാജ്, കെ. സിന്ധു, കെ. ചന്ദ്രമോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോട്ടക്കൽ: കൊറിയർ വഴി എം.ഡി.എം.എ യുമായി യുവാവ് പിടിയിലായ സംഭവത്തിൽ മേൽവിലാസം മറ്റൊരാളുടേതെന്ന് എക്സൈസ് അറിയിച്ചു. ആട്ടീരി സ്വദേശിയായ യുവാവിന്‍റെ പേരിലാണ് കൊറിയർ എത്തിയത്. പാർസലിലെ മൊബൈൽ നമ്പർ പിടിയിലായ ഹരികൃഷ്ണന്‍റേതായിരുന്നു.
തെറ്റായ മേൽവിലാസമാണ് ഇയാൾ നൽകിയിരുന്നതെന്നാണ് എക്സൈസ് സംശയിക്കുന്നത്. നേരത്തെ അഞ്ച് തവണ പ്രതിയെ എക്സൈസ് ചോദ്യം ചെയ്തിരുന്നു. കൊറിയർ വഴി ഇത്തരം മയക്കുമരുന്ന് ജില്ലയിലേക്ക് സുലഭമായി എത്തുന്നെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പിടിക്കപ്പെടില്ലെന്ന ഉറപ്പിലാണ് യുവാക്കൾ ഈ മാർഗം സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.