അജ്മൽ, നിസാം
കരുനാഗപ്പള്ളി: ലഹരി വ്യാപാരത്തെ പറ്റി പൊലീസിന് വിവരം നൽകിയതിലുള്ള വിരോധത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തൊടിയൂർ പുത്തൻപുരയിൽ അജ്മൽ (24), തൊടിയൂർ നിഷാദ് മൻസിലിൽ നിസാം (20) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്.
പ്രതികൾ കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ലഹരിമരുന്ന് വ്യാപാരം നടത്തുന്നതായി തൊടിയൂർ നിവാസിയായ നവാസ് കരുനാഗപ്പള്ളി പൊലീസിൽ വിവരം നൽകിയിരുന്നു. ഇതിന്‍റെ വിരോധത്തിൽ പ്രതികൾ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ബൈക്കിൽ ഒറ്റക്ക് വരികയായിരുന്ന നവാസിനെ ഓടയിൽ ജംങ്ഷനു സമീപത്ത് വെച്ച് തടഞ്ഞു നിറുത്തി ആക്രമിക്കുകയായിരുന്നു.
നിലത്ത് വീണ നവാസിനെ പ്രതികൾ കഴുത്തിന് വെട്ടാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞ് മാറിയതിനാൽ കൈക്ക് വെട്ടുകൊണ്ട് പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ നവാസ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബി. ഗോപകുമാറിന്‍റെ നിർദേശപ്രകാരം എസ്.ഐമാരായ അലോഷ്യസ്, ശ്രീകുമാർ, എ.എസ്.ഐമാരായ സജി, ഷാജിമോൻ, നന്ദകുമാർ, സി.പി.ഒ ശ്രീകാന്ത് എന്നിവരടങ്ങുന്ന സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.