ബിനേഷ്

വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിലായി. കക്കോടി മുക്ക് സ്വദേശിയായ ബാഗു എന്നറിയപ്പെടുന്ന കുന്നത്ത് പടിക്കൽ ബിനേഷിനെയാണ് (37) നാർക്കോട്ടിക് സെൽ അസി. കമീഷണർ പി. പ്രകാശന്റെ നേതൃത്വത്തിലുള്ള ഡൻസാഫും നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.

ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ശ്രീനിവാസിന്റെ നിർദേശപ്രകാരം രാത്രികാല പരിശോധന ശക്തമാക്കിയ ഡൻസാഫ് നിരവധി ദിവസങ്ങളായി ഈസ്റ്റ്ഹിൽ, കാരപ്പറമ്പ് ഭാഗങ്ങളിൽ ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. പ്രതിയിൽനിന്ന് മൂന്ന് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

വിദ്യാർഥികളെ ആകർഷിക്കാൻ കാരംസ് ക്ലബിന്റെ മറവിലായിരുന്നു ലഹരി വിൽപന. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് എം.ഡി.എം.എ രഹസ്യമായി എത്തിച്ചുനൽകാറാണ് പതിവ്. സുഹൃത്തുക്കളുടെയും ലഹരിക്ക് അടിപ്പെട്ടവരുടെയും വാഹനങ്ങളിലാണ് വിൽപന.

വാഹനം ദൂരെ നിർത്തിയശേഷം നടന്നു വന്നാണ് ലഹരിമരുന്ന് കൈമാറുക. വാഹനം ഏതെന്ന് മനസ്സിലാക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. സിവിൽ സ്റ്റേഷനു സമീപത്ത് പ്രതി ലഹരിമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന മാഫിയ തലവനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആരാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് സംഘത്തലവന് മാത്രമേ അറിയൂ എന്നാണ് ഇയാളുടെ മൊഴി.

നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽനിന്ന് 31,000 രൂപയും മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു.

ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയേടത്ത്, സീനിയർ സി.പി.ഒ കെ. അഖിലേഷ്, സി.പി.ഒമാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, നടക്കാവ് സ്റ്റേഷനിലെ എസ്.ഐമാരായ എസ്.ബി. കൈലാസ് നാഥ്, ശ്രീഹരി, കിരൺ ശശിധരൻ, അസി. സബ് ഇൻസ്പെക്ടർ സന്തോഷ് മമ്പാട് സീനിയർ സി.പി.ഒ ഹരീഷ്, സി.പി.ഒ ഷാജിഖ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Drug sales targeting students youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.