ചണ്ഡീഗഢ്: ലഹരിമരുന്ന് വാങ്ങാൻ പണമില്ലാത്തതിനാൽ ആറ് മാസം പ്രായം വരുന്ന കുഞ്ഞിനെ വിറ്റ് ദമ്പതികൾ. പഞ്ചാബിലെ മാൻസ ജില്ലയിൽ അക്ബര്‍പൂര്‍ ഖുദാല്‍ ഗ്രാമത്തിലാണ് സംഭവം. ലഹരിക്ക് അടിമകളായ ദമ്പതികള്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ 1.8ലക്ഷം രൂപക്ക് സ്‌ക്രാപ് വ്യാപാരിക്ക് വിറ്റെന്നാണ് കണ്ടെത്തല്‍. സംഭവത്തിൽ മാതാപിതാക്കളുൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കുട്ടിയുടെ മാതാപിതാക്കൾ സന്ദീപ് സിങ്, ഗുര്‍മാന്‍ കൗര്‍ എന്നിവരും കുട്ടിയെ വാങ്ങിയെന്ന ആരോപണം നേരിടുന്ന സഞ്ജു സിങ്, ഭാര്യ ആരതി എന്നിവരാണ് പ്രതികൾ. കുട്ടിയുടെ മാതാവിന്‍റെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹശേഷമാണ് ഗുര്‍മാന്‍ കൗര്‍ മയക്കുമരുന്നിന് അടിമയായതെന്നും ഭർത്താവ് നേരത്തെ തന്നെ ലഹരി പദാർഥങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സഹോദരി പൊലീസിനോട് പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ദമ്പതികൾ കണ്ടുമുട്ടിയതെന്നും യുവതി കൂട്ടിച്ചേർത്തു.
സ്‌ക്രാപ് വ്യവസായിയായ സഞ്ജു സിങിന് മൂന്ന് പെണ്‍മക്കളുണ്ട്. ആണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹമാണ് ഇടപാടിലേക്ക് എത്തിച്ചതെന്നാണ് വിവരം. ദത്തെടുക്കല്‍ രേഖ എന്ന പേരില്‍ കരാറുണ്ടാക്കിയാണ് ഇയാള്‍ കുഞ്ഞിനെ വാങ്ങിയത്.മോശം സാമ്പത്തിക സ്ഥിതിയാണ് കുഞ്ഞിനെ വില്‍ക്കാര്‍ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ലഹരി വസ്തുക്കൾ, വീട്ടുപകരണങ്ങൾ എന്നിവ വാങ്ങുന്നതിനും പണയം വെച്ച വാഹനം തിരിച്ചുപിടിക്കുന്നതിനുമായി ദമ്പതികൾ പണം ഉപയോഗിച്ചതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദമ്പതികളുടെ അവസ്ഥ കണക്കിലെടുക്കുമ്പോൾ സുരക്ഷ കാരണങ്ങളാൽ കുട്ടിയെ ഉടൻ അവർക്ക് തിരികെ നൽകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മയക്കുമരുന്ന് ഭീഷണി സര്‍ക്കാര്‍ മുഖവിലക്ക് എടുക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.