അഹമ്മദാബാദ്: ഭാര്യയും കാമുകനും ബന്ധുക്കളും ചേർന്ന് കൊന്ന് അടുക്കളയിൽ കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ ഒരുവർഷത്തിന് ശേഷം പുറത്തെടുത്ത് പൊലീസ്. ഗുജറാത്തിലെ അഹമ്മദാബാദാണ് സംഭവം. ബീഹാർ സ്വദേശിയായ മുഹമ്മദ് ഇസ്രായേൽ അക്ബറലി അൻസാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബീഹാർ സ്വദേശിയായ മുഹമ്മദ് ഇസ്രായേൽ അക്ബറലി അൻസാരി 2015ലാണ് അഹമ്മദാബാദ് സ്വദേശിനിയായ റൂബിയുമായി പ്രണയത്തിലായത്. തുടർന്ന്, അഹമ്മദാബാദിലെത്തി താമസമാക്കിയ അൻസാരി റൂബിയെ വിവാഹം ചെയ്തു. വാടകവീട്ടിൽ കഴിഞ്ഞിരുന്ന ഇരുവർക്കും രണ്ട് കുട്ടികളുമുണ്ടായി. കൂലിപ്പണിയെടുത്താണ് അൻസാരി കുടുംബം പോറ്റിയിരുന്നത്.
ഇതിനിടെ, തദ്ദേശവാസിയായ ഇമ്രാൻ അക്ബർഭായ് വഗേലയുമായി റൂബി പ്രണയത്തിലായി. കാലക്രമേണ ഇതറിഞ്ഞ അൻസാരി റൂബിയെ മർദിക്കുകയും വഴക്കിടുകയും ചെയ്തിരുന്നു. കാമുകനുമായി ബന്ധത്തിൽ തടസ്സമായതോടെ അൻസാരിയെ കൊലപ്പെടുത്താൻ റൂബി പദ്ധതി തയ്യാറാക്കി.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അൻസാരിയെ റൂബിയും വഗേലയും ഇയാളുടെ ബന്ധുക്കളായ രണ്ട് യുവാക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നു. റൂബിയുടെ സഹായത്തോടെ വഗേല അൻസാരിയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. മൃതദേഹം കഷണങ്ങളാക്കി അടുക്കളയിൽ കുഴിയെടുത്ത് മൂടുകയായിരുന്നു. തുടർന്ന്, തറയിൽ സിമന്റ് തേച്ച് മുകളിൽ ടൈലിട്ട് പൂർവസ്ഥിതിയിലാക്കി.
തുടർന്നും മാസങ്ങളോളം ഇതേ വീട്ടിൽ താമസിച്ച റൂബി പിന്നീട് ഭർത്താവിന് മറ്റൊരിടത്ത് ജോലി ലഭിച്ചെന്ന് അയൽവാസികളെ ധരിപ്പിച്ച് താമസം മാറുകയായിരുന്നു. ഇതിനിടെ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വഗേലയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
റൂബിയാണ് പദ്ധതി തയ്യാറാക്കിയതെന്ന് മൊഴി നൽകിയ വഗേല മൃതദേഹം കുഴിച്ചിട്ട അടുക്കളയിലെ സ്ഥലം പൊലീസിന് കാണിച്ച് നൽകുകയും ചെയ്തു. ചൊവ്വാഴ്ച എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ അടുക്കളയുടെ തറ കുഴിച്ചുള്ള പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
കേസെടുത്തതിന് പിന്നാലെ, ഒളിവിൽ പോയ റൂബിക്കും വഗേലയുടെ ബന്ധുക്കളായ രണ്ട് യുവാക്കൾക്കുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് അഹമ്മദാബാദ് ഡി.സി.പി അജിത് രാജിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.