ദൃശ്യം മോഡൽ കൊല മുംബൈയിലും: 12 കാരിയെ കൊന്നശേഷം കാണാതായെന്ന് വരുത്തിത്തീർത്ത് ബന്ധുക്കൾ

മുംബൈ: കൊലപാതകം ഒളിപ്പിക്കുന്നതിൽ മികവു കാട്ടിയ മോഹൻലാൽ ചിത്രം ദൃശ്യം കേരളത്തിൽ പല കൊലപാതകങ്ങൾക്കും റഫറൻസായിരുന്നു. ഇപ്പോൾ ഇതാ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിനെ ആസ്പദമാക്കി കൊലപാതകം നടത്തിയിരിക്കുകയാണ് മുംബൈയിലെ ദമ്പതികൾ.

12 വയസുകാരിയായ അനന്തരവളെ കൊന്ന ശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു മുംബൈ സ്വദേശികളായ സന്ദേശ് ഗണപത് ഹദാലും ഭാര്യ ജ്യോതി ഹദാലും. ജാൻവി ഹദാലാണ് കൊല്ലപ്പെട്ടത്. രക്ഷിതാക്കൾ വിവാഹബന്ധം വേർപ്പെടുത്തി കഴിയുന്നതിനാൽ പെൺകുട്ടിയും സഹോദരനും അമ്മാവനായ സന്ദേശിനൊപ്പമാണ് കഴിയുന്നത്.

പെൺകുട്ടിയെ 'കാണാതായ' ദിവസം ഇവർ അവളെ സ്കൂളിലാക്കിയെന്നും അതിനു ശേഷം പിന്നീട് കാണാനില്ലെന്നുമാണ് ദമ്പതികൾ പൊലീസിൽ നിൽകിയ പരാതിയിൽ പറഞ്ഞത്. പിന്നീട് പലയിടത്തു നിന്നും അവളെ കണ്ടുവെന്ന് പറഞ്ഞ് പൊലീസിനെ സമീപിക്കുകയും ചെയ്തു. എന്നാൽ പൊലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്താനുമായില്ല.

ഏപ്രിൽ 19നാണ് പെൺകുട്ടിയെ 'കാണാതാ'വുന്നത്. എന്നാൽ ഏപ്രിൽ 20ന് അമ്മാവനും അമ്മായിയും പെൺകുട്ടി സ്കൂളിൽ നിന്ന് തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് പൊലീസിനെ സമീപിക്കുകയായിരുന്നു. ഏപ്രിൽ 20 ന് സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പെൺകുട്ടി ഉണ്ടായിരുന്നില്ല. അധ്യാപകരോട് സംസാരിച്ചപ്പോൾ പെൺകുട്ടി സ്കൂളിൽ ഹാജരായിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ദമ്പതികൾ കുട്ടിയെ ദഹിസാറിൽ വെച്ച് കണ്ടുവെന്ന് പറഞ്ഞ് പൊലീസിനെ സമീപിച്ചു. പൊലീസ് അവിടെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഗൊറെഗാവിൽ ഒരു ആൺകുട്ടിക്കൊപ്പം ബൈക്കിൽ പോകുന്നത് കണ്ടുവെന്ന് പറഞ്ഞ് ദമ്പതികൾ വീണ്ടും പൊലീസിനെ സമീപിച്ചു. പക്ഷേ, പൊലീസിന് അപ്പോഴും അവളെ കണ്ടെത്താനായില്ല. ഇങ്ങനെ അഞ്ചുതവണയായി ദമ്പതികളും സുഹൃത്തക്കളും പെൺകുട്ടിയെ കണ്ടെന്ന് പൊലീസിനെ അറിയിച്ചു. എന്നാൽ സി.സി.ടി.വി പരിശോധിച്ചിട്ടുപോലും പൊലീസിന് കണ്ടെത്താനായില്ല. ഇത് സംശയാസ്പദമായി തോന്നിയപ്പോൾ ദമ്പതികളെ കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി.

ദമ്പതികൾക്കൊപ്പം കഴിയുന്ന പെൺകുട്ടിയുടെ ഒമ്പതു വയസുകാരനായ അനുജൻ അമ്മാവൻ വടികൊണ്ട് ചേച്ചിയെ തലക്കടിച്ചുവെന്ന് സൂചിപ്പിച്ചു. ഡോക്ടറുടെ അടുത്തുകൊണ്ടുപോയ ശേഷം ചേച്ചി സ്കൂളിലേക്ക് പോയെന്ന് പറഞ്ഞുവെന്നും പിന്നീട് തിരിച്ചു വന്നിട്ടില്ലെന്നും അനുജൻ പറഞ്ഞു. അഞ്ചു തവണ അജയ് ദേവ്ഗൺ നായകനായ ദൃശ്യം സിനിമ അമ്മാവനും അമ്മായിയും മൊബൈലിൽ കണ്ടു​വെന്നും തുടർച്ചയായി ഈ സിനിമ തന്നെ കാണുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അത് വളരെ രസകരമായതിനാലാണ് എന്ന് മറുപടി നൽകിയെന്നും കുട്ടി പറഞ്ഞു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ഡോക്ടറുടെ ക്ലിനിക്കിൽ കുട്ടിയെ കൊണ്ടുപോയതായി കണ്ടെത്തി. തലക്ക് ഗുരുതര പരിക്കേറ്റതിനാൽ വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നെന്ന് ഡോക്ടർ പറഞ്ഞു. കുട്ടിയെ ഡോക്ടറുടെ ക്ലിനിക്കിൽ കൊണ്ടുപോയത് സമീപത്തെ പൂക്കടയുടെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ദമ്പതികൾ കടയുടമയോട് സി.സി.ടി.വി ദൃശ്യങ്ങൾ എത്ര ദിവസങ്ങളുടെത് വരെ ബാക്ക് അപ് ചെയ്യുമെന്ന് അന്വേഷിച്ചതായി കടയുടമ പൊലീസിനെ അറിയിച്ചു.

അ​ന്വേഷണം തുടരുന്നതിനിടെ ദമ്പതികളുടെ അയൽവാസികളുടെ മൊഴിയെടുത്തപ്പോൾ ഏപ്രിൽ 20 ന് ശേഷം കുട്ടിയെ കണ്ടില്ലെന്ന് അവർ പറഞ്ഞു. തിയതി ഓർമയിലിരുന്നതെങ്ങനെ എന്ന ചോദ്യത്തിന് അത് ദമ്പതികൾ തന്നെ ഓർമിപ്പിച്ചതാണെന്ന് അവർ മറുപടി നൽകി. ഏപ്രിൽ 20 ന് അവളെ എന്നോടൊപ്പം നിങ്ങൾ കണ്ടില്ലെ, അതിനു ശേഷം അവളെ കാണാനില്ലെന്ന് ദമ്പതികൾ അയൽവാസികളോട് പറഞ്ഞിരുന്നു. അങ്ങനെയാണ് തിയതി ഓർത്തതെന്നും അയൽവാസികൾ പറഞ്ഞു. അതോടെ സിനിമാ ട്രിക്ക് ഉപയോഗിച്ച് കൊലപാതകം മറക്കാനുള്ള ശ്രമമാണ് ദമ്പതികൾ നടത്തുന്നതെന്ന് ഉറപ്പായി.

തുടർന്ന് ദമ്പതികളെ ചോദ്യം ചെയ്തതിൽ നിന്ന് കൊലപാതകം തെളിഞ്ഞു. തലക്കടിയേറ്റ് കുട്ടി മരിച്ചുവെന്നും ചെളിയിൽ താഴ്ത്തിയെന്നുമാണ് ദമ്പതികൾ പൊലീസിനോട് സമ്മതിച്ചത്. തട്ടിക്കൊണ്ടുപോകൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തുക, അനധികൃതമായി പെൺകുട്ടിയെ തടഞ്ഞുവെക്കുക, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്തു.

Tags:    
News Summary - Drishyam model murder in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.