ഭോപ്പാൽ: മധ്യപ്രദേശിൽ വ്യാജ എം.ബി.ബി.എസ് ബിരുദം ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ച തട്ടിപ്പ്സംഘം പിടിയിൽ. വ്യാജ രേഖകളും വ്യാജ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുകളുംഉപയോഗിച്ച് സർക്കാർ ജോലി നേടിയ ഡോക്ടർമാരാണ് പിടിയിലായത്. യഥാർഥ ഡോക്ടർമാരുടെ രജിസ്ട്രേഷന്‍ നമ്പറുകളാണ് ഇവർ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി.
സംഭവം മധ്യപ്രദേശിലെ പൊതുജനാരോഗ്യ സംവിധാനത്തെയാകെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. ദാമോ കേന്ദ്രീകരിച്ചായിരുന്നു റാക്കറ്റിന്‍റെ പ്രവർത്തനം. നാഷണൽ ഹെൽത്ത് മിഷന്റെ കീഴിലുള്ള സഞ്ജീവനി ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന കുമാർ സച്ചിൻ യാദവ്, രാജ്പാൽ ഗൗർ, അജയ് മൗര്യ എന്നീ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സച്ചിൻ യാദവും രാജ്പാൽ ഗൗറും ദാമോയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും, അജയ് മൗര്യ ജബൽപൂരിലെ സഞ്ജീവനി കേന്ദ്രത്തിലുമാണ് ജോലി ചെയ്തിരുന്നത്. രണ്ട് വർഷത്തിലേറെയായി ഇവർ ഡോക്ടർമാരായി ജോലി ചെയ്തുവരികയായിരുന്നു.
അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 2018ലെ പഴയ രജിസ്ട്രേഷൻ നമ്പർ തിരുത്തിയാണ് രാജ്പാൽ ഗൗർ ജോലിയിൽ പ്രവേശിച്ചത്. നർമ്മദാപുരത്ത് ജോലി ചെയ്യുന്ന ഡോ. അഭിഷേക് യാദവ് എന്നയാളുടേതാണ് ഈ ലൈസന്‍സ് എന്ന് പൊലീസ് കണ്ടെത്തി. വ്യാജ എം.ബി.ബി.എസ് ബിരുദങ്ങളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും Z ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നൽകി വാങ്ങിയതായാണ് സംശയിക്കുന്നത്.
സച്ചിൻ യാദവിന് ബി.ഡി.എസും, രാജ്പാൽ ഗൗറിന് ബി.എച്ച്.എം.എസുമാണ് യോഗ്യത. എങ്കിലും വ്യാജ രേഖകൾ ഉപയോഗിച്ച് ഇവർ സർക്കാർ സർവീസിൽ ഡോക്ടർമാരായി പ്രവേശിക്കുകയായിരുന്നു. ദിവസവും 30 മുതൽ 40 വരെ രോഗികളെയാണ് ഇവർ പരിശോധിച്ചിരുന്നത്. സഞ്ജീവനി ക്ലിനിക്കുകളിൽ ആയിരക്കണക്കിന് രോഗികളെ ഇവർ ചികിത്സിച്ചിരുന്നതിനാൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. പ്രതികൾ പ്രതിമാസം 70,000 മുതൽ 80,000 രൂപ വരെ ശമ്പളം കൈപ്പറ്റിയിരുന്നു. സംഭവത്തിന് പിന്നാലെ മധ്യപ്രദേശിലുടനീളമുള്ള എൻ.എച്ച്.എം, സഞ്ജീവനി ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന 2,000ത്തിലധികം കരാർ ഡോക്ടർമാരുടെ ബിരുദങ്ങളും രജിസ്ട്രേഷനും പരിശോധിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.