റാന്നി: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രോഗിയായ വനിതയോട് കൈക്കൂലി വാങ്ങിയ റാന്നി താലൂക്ക് ഹോസ്പിറ്റലിൽ അനസ്തേഷ്യ ഡോ. ചാർളി ചാക്കോയെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ജൂലൈയിലാണ് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയിൽനിന്ന് കൈക്കൂലി വാങ്ങിയത്. യുവതി ഹെർണിയ സംബന്ധമായ അസുഖത്തിനാണ് ആശുപത്രിയിൽ എത്തിയത്. ഓപറേഷൻ ഡേറ്റ് നൽകുന്നതിന് ഭർത്താവിൽനിന്ന് ഡോക്ടർ 2000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ തുക നൽകാൻ കഴിയാത്തതിനാൽ നിരവധിതവണ ഓപറേഷൻ മാറ്റിവെച്ചു. തുടർന്ന് കൂലിപ്പണിക്കാരനായ ഭർത്താവ് 2000 രൂപ ഡോക്ടർക്ക് നൽകിയശേഷമാണ് തീയതി നൽകിയത്. ഈ വിവരം ശ്രദ്ധയിൽപ്പെട്ട പ്രമോദ് നാരായണൻ എം.എൽ.എ നടപടി ആവശ്യപ്പെട്ട് മന്ത്രി വീണ ജോർജിന് കത്ത് നൽകി. തുടർന്ന് വകുപ്പ്തല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു. മേടിച്ച കൈക്കൂലിയായ തുക മടക്കിനൽകിയും പരാതി പിൻവലിപ്പിച്ചും കേസിൽനിന്ന് രക്ഷപ്പെടാൻ ഡോക്ടർ ശ്രമിച്ചിരുന്നു.
യുവതിയുടെ കുടുംബം പരാതിയിൽ ഉറച്ചുനിന്നു. വകുപ്പുതല അന്വേഷണ നടപടി നീണ്ടുപോവുകയും ഡോക്ടർ ആഗസ്റ്റ് 14ന് ജോലിയിൽ തിരികെപ്രവേശിക്കുകയും ചെയ്തു. തിരികെ ജോലിയിൽ പ്രവേശിച്ച ഡോക്ടർ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.