ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം: വി.​ഐ.​പി ശ​ര​ത് അ​റ​സ്റ്റി​ൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ സുഹൃത്തും ആലുവയിലെ സൂര്യ ഹോട്ടൽ-ട്രാവൽസ് ഉടമയുമായ ശരത് ജി. നായർ അറസ്റ്റിൽ. വി.ഐ.പി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ശരത്തിനെ കേസിലെ തെളിവ് നശിപ്പിച്ചെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്​ത ശരത്തിനെ പിന്നീട്​ ജാമ്യത്തിൽ വിട്ടു. ആലുവ പൊലീസ് ക്ലബ്ബിൽ തിങ്കളാഴ്ച വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ക്രൈംബ്രാഞ്ച്​ നടപടികൾക്കുശേഷം പുറത്തിറങ്ങിയ ശരത്​ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന്​ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ടപ്പോൾ പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന്​ വ്യക്തമാക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം. 2018 നവംബർ 15ന് ദിലീപിന്‍റെ വസതിയിൽ എത്തിച്ചെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ.

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ശരത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്. ആദ്യഘട്ടത്തിൽ ശരത് ആരാണ് എന്നതിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ്, മാനേജർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, തിരിച്ചറിയാനാകാത്ത വ്യക്തി എന്നിങ്ങനെയായിരുന്നു പ്രതികളുടെ പട്ടിക. ആലുവയിലെ ദിലീപിന്‍റെ വീടായ പത്മസരോവരത്തിൽവെച്ച്, നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന് കൈമാറിയ ആറാമൻ വി.ഐ.പി ആണെന്നും ഇയാളെ കണ്ടാലേ തിരിച്ചറിയാനാകൂവെന്നും ബാലചന്ദ്രകുമാ‌ർ അറിയിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇത് ശരത്താണെന്ന് വ്യക്തമായത്. കേസെടുത്തതിന് പിന്നാലെ ഊട്ടിയിലേക്ക് പോയ ശരത് മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചിരുന്നു. തുടരന്വേഷണ കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ്.

കേസിന് ആസ്പദമായ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയായിരുന്നു തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യൽ. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചോദ്യം ചെയ്യലിൽ ശരത് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ശരത്തിന്‍റെ വീട്ടിൽ മുമ്പ്​ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി മൊബൈൽ ഫോണും പാസ്പോർട്ടും പിടിച്ചെടുത്തിരുന്നു. ദിലീപുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ശരത് ദിലീപിന്‍റെ ബിസിനസ് പങ്കാളിയാണോയെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.

Tags:    
News Summary - Dileep's friend Sarath arrested in conspiracy case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.