ന്യൂഡൽഹി: കുംഭമേളക്ക് കൊണ്ടുപോയ 40കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പൊലീസ് പിടിയിൽ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഭർത്താവ് അശോക് കുമാറിനൊപ്പം മീനാക്ഷി കുംഭമേളയിൽ പങ്കെടുത്തത്. ഇരുവരുടെ യാത്രയുടെയും കുംഭമേളയിൽ സ്നാനം ചെയ്യുന്നതിന്റെയും നിരവധി ചിത്രങ്ങൾ അശോക് കുമാർ മക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഹോംസ്റ്റേയിലാണ് രണ്ടുപേരും താമസിച്ചിരുന്നത്.
ഫെബ്രുവരി 18നാണ് കൊലപാതകം നടന്നത്. പിറ്റേദിവസം രാവിലെ ആസാദ് നഗർ കോളനിയിലെ ഹോസ്റ്റേയിലെ ബാത്റൂമിൽ രക്തത്തിൽ കുളിച്ച നിലയിൽ 40കാരിയുടെ മൃതദേഹം കിടക്കുന്നതായി ഡൽഹി പൊലീസിന് സന്ദേശം ലഭിച്ചു. മഹാകുംഭമേളക്ക് എത്തുന്നവർക്ക് താമസിക്കാനായിരുന്നു ഹോംസ്റ്റേയിൽ സൗകര്യമൊരുക്കിയത്.
ഹോസ്റ്റേയിൽ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. പുരുഷനൊപ്പമാണ് യുവതി ഹോസ്റ്റേയിൽ മുറിയെടുത്തതെന്ന് കണ്ടെത്തി. ഭർത്താവായതിനാൽ കൂടുതൽ പരിശോധനകൾ നടത്താതെയാണ് ഹോംസ്റ്റേ മാനേജർ അവർക്ക് മുറി നൽകിയത്. ഫെബ്രുവരി 18ന്
ന്യൂഡൽഹിയിൽ നിന്നായിരുന്നു ദമ്പതികൾ പ്രയാഗ് രാജിലെത്തിയത്. മൂന്നു മാസം മുമ്പേ ഭാര്യയെ കൊല്ലാൻ തീരുമാനിച്ചിരുന്നതായി അശോക് കുമാർ പൊലീസിനോട് പറഞ്ഞു. കിഴക്കൻ ഡൽഹിയിലെ ശുചീകരണ തൊഴിലാളിയായ അശോകിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധം തുടരാനാണ് ഭാര്യയെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചത്.
തുടർന്ന് ഫെബ്രുവരി 17ന് കുംഭമേളക്ക് പോകാമെന്ന് പറഞ്ഞ് ഇയാൾ ഭാര്യയെയും കൂട്ടിയിറങ്ങി. തൊട്ടടുത്ത ദിവസം ഝുൻസിയിലെത്തി ഹോംസ്റ്റേയിൽ മുറിയെടുത്തു. അന്ന് രാത്രി ഇരുവരും തമ്മിൽ വാഗ്തർക്കമുണ്ടായി. മീനാക്ഷി ബാത്റൂമിലേക്ക് പോയപ്പോൾ കൈയിൽ സൂക്ഷിച്ച കത്തിയുമായി അശോക് കുമാർ ആക്രമിക്കുകയായിരുന്നു. ഭാര്യയുടെ കഴുത്തറുത്ത ശേഷം രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റി അയാൾ രക്ഷപ്പെട്ടു. കൊല്ലാനുപയോഗിച്ച ആയുധവും മാറ്റി.
അതിനു ശേഷം മകനെ വിളിച്ച് കുംഭമേളയിലെ തിരക്കിൽ പെട്ട് അമ്മയെ കാണാനില്ലെന്നു പറഞ്ഞു. ഒരുപാട് സ്ഥലത്ത് തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ലെന്നും പറഞ്ഞു. അച്ഛൻ പറഞ്ഞ കാര്യങ്ങളിൽ മകന് സംശയം തോന്നി. ഫെബ്രുവരി 20ന് കുടുംബം പ്രയാഗ് രാജിലെത്തി. മീനാക്ഷിയുടെ ഫോട്ടോയും അവരുടെ കൈവശമുണ്ടായിരുന്നു. ബന്ധുക്കളാണ് ഹോംസ്റ്റേയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ അശോകിനെ വൈകാതെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.