ഡൽഹിയിൽ 18കാരനെ കുത്തിക്കൊന്നശേഷം ശരീരത്തിന് മുകളിൽ കയറിനിന്നു നൃത്തം ചെയ്ത് 16കാരൻ

ഡൽഹിയിൽ 18 കാരനെ കുത്തിക്കൊന്ന ശേഷം മൃതദേഹത്തിന് മുകളിൽ കയറി നൃത്തം ചെയ്ത് 16കാരൻ. 350 രൂപക്ക് വേണ്ടിയാണ് 16കാരൻ ഈ ദാരുണകൃത്യം ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് ഡൽഹിയിലെ വെൽക്കം ഏരിയയിൽ സംഭവം നടന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടത്തിയപ്പോൾ പ്രതി മദ്യപിച്ചിരുന്നതായും പൊലീസ് സൂചിപ്പിച്ചു.

18 കാരനെ പ്രതി ആദ്യം കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയ ശേഷം 60 തവണ കുത്തിയതായാണ് റിപ്പോർട്ട്. ഇയാളുടെ കൈവശമുണ്ടായിരുന്ന 350 രൂപ പ്രതി മോഷ്ടിച്ചിട്ടുണ്ട്. മോഷണശ്രമം ചെറുക്കാൻ ശ്രമിച്ചപ്പോഴാണ് പ്രതി ഇയാളെ ശ്വാസം മുട്ടിച്ച് തറയിലേക്ക് വീഴ്ത്തിയത്. ബോധരഹിതനായ ഇയാളുടെ ശരീരത്തിൽ കത്തികൊണ്ട് നിരവധി തവണ കുത്തി. മരിച്ചെന്നു ഉറപ്പാക്കിയ ശേഷം ഇടക്കിടെ പ്രതി ചുറ്റും നോക്കുന്നുമുണ്ട്. തുടർന്ന് തലയിൽ ചവിട്ടുന്നതും ശരീരത്തിൽ കയറി നിന്ന് നൃത്തം ചെയ്യുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. പിന്നീട് മൃതദേഹം ഇടുങ്ങിയ ഇടവഴിയിലേക്ക് വലിച്ചിഴച്ചു. ഇരുവരും പരിചയക്കാരല്ലെന്നും പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രി 11.15ഓടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഉടൻ സ്ഥലത്തെത്തി പതിനെട്ടുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും ഡെപ്യൂട്ടി പൊലീസ് കമീഷണർ ജോയ് ടിർക്കി പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഫൊറൻസിക് സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പ്രതി നേരത്തേയും കൊലപാതക കേസിൽ ഉൾപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.

Tags:    
News Summary - Delhi boy stabs 18 year old multiple times, dances on camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.