ലക്നൗ: ഫീസടച്ചില്ലെന്നാരോപിച്ച് അധ്യാപകന്റെ മർദനത്തിനിരയായി ചികിത്സയിലിരുന്ന ദലിത് വിദ്യാർഥി മരിച്ചു. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലിരുന്ന 13കാരനാണ് മരിച്ചത്. പരിക്ക് മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഒമ്പത് ദിവസം മുമ്പാണ് കുട്ടിക്ക് മർദനമേറ്റത്.
മാസം അടക്കാനുള്ള 250 രൂപ സ്കൂൾ ഫീസിന്റെ പേരിൽ അധ്യാപകൻ മർദിച്ചതായി കുട്ടിയുടെ സഹോദരൻ രാജേഷ് വിശ്വകർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞാൻ അന്ന് ഓൺലൈനിൽ പണമടച്ചിരുന്നു. എന്നാൽ, അധ്യാപകൻ ഇതറിയാതെ സഹോദരനെ ക്രൂരമായി മർദിക്കുകയായിരുന്നു. അധ്യാപകൻ ഉയർന്ന ജാതിയിൽപ്പെട്ടയാളും കുട്ടി ദലിതനുമായതിനാലാണ് മർദിച്ചതെന്ന് കുടുംബം ആരോപിച്ചു.
വിദ്യാർഥിയുടെ അമ്മാവൻ സിർസിയ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ശ്രാവസ്തി എസ്.പി അരവിന്ദ് കെ. മൗര്യ പറഞ്ഞു.
കഴിഞ്ഞയാഴ്ച രാജസ്ഥാനിൽ കുടിവെള്ള പാത്രത്തിൽ തൊട്ടതിന്റെ പേരിൽ സ്‌കൂൾ അധ്യാപകന്റെ മർദനമേറ്റ ഒമ്പത് വയസ്സുള്ള ദലിത് വിദ്യാർഥി മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.