തൃശൂര്‍: ഡിജിറ്റല്‍ അറസ്റ്റ് ചെയ്‌തെന്ന് വിശ്വസിപ്പിച്ച് കോണത്തുകുന്ന് സ്വദേശിയായ 85 കാരനില്‍നിന്ന് നാല് കോടി പതിനൊന്നര ലക്ഷം രൂപ തട്ടിയ കേസില്‍ തട്ടിപ്പ് സംഘാംഗത്തെ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസിന്റെ പിടികൂടി. മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി അല്ലപ്ര വീട്ടില്‍ റഷീക് രാജയെയാണ് (26) പാണ്ടിക്കാട്ടുനിന്നും തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് പണത്തില്‍ ഉള്‍പ്പെട്ട 7,99,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയപ്പിക്കുകയും പിന്നീട് ഈ തുക ചെക്ക് മുഖേന പിന്‍വലിച്ച് പ്രധാന പ്രതികള്‍ക്ക് കൈമാറി കമീഷന്‍ കൈപ്പറ്റുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2025 സെപ്റ്റംബര്‍ ഒമ്പതു മുതല്‍ 2026 ജനുവരി ഒന്ന് വരെയുള്ള കാലയളവിലാണ് വയോധികനെ ഭയപ്പെടുത്തി തട്ടിപ്പ് നടത്തിയത്.
മണി ലോണ്‍ഡറിങ്ങുമായി ബന്ധപ്പെട്ട് മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന കേസില്‍ ഉള്‍പ്പെട്ട 257 ബാങ്ക് അക്കൗണ്ടുകളില്‍ ഒന്ന് പരാതിക്കാരന്റെ പേരിലാണെന്ന് പ്രതികള്‍ വാട്‌സാപ്പ് കോളിലൂടെ വിളിച്ച് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകള്‍ പരിശോധിക്കണമെന്നും പണം വേരിഫൈ ചെയ്യുന്നതിനായി പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും സംഘം ആവശ്യപ്പെട്ടു.
ദേശീയ താൽപര്യം മുന്‍നിര്‍ത്തി കോടതി നിര്‍ദേശ പ്രകാരമാണ് നടപടിയെന്നും വിവരം മറ്റാരോടും പറയരുതെന്നും വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 4,11,65,206 രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. സംഭവത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കമീഷന്‍ ഏജന്റായ പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.