കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ അപരിചിതരോടുള്ള സംസാരവും ചാറ്റുകളും അൽപം ജാഗ്രതയോടെ വേണം. വ്യാജന്മാരും സമൂഹിക വിരുദ്ധരും പണം തട്ടാനും അശ്ലീല ചിത്രങ്ങളയച്ച് ഭീഷണിപ്പെടുത്താനും പതിയിരിപ്പുണ്ട്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ വർധിക്കുകയാണ്. വ്യാജ അക്കൗണ്ടുകളിലൂടെ വിദ്യാർഥികളെ ലക്ഷ്യംവെച്ച് ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. പെൺകുട്ടികളെയാണ് അവർ പ്രധാനമായും ഉന്നംവെക്കുന്നത്.
പരിചയം സ്ഥാപിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത സംഭവങ്ങൾ ഒട്ടേറെയാണ്. വ്യാജ പ്രൊഫൈൽ ചിത്രങ്ങളും അക്കൗണ്ട് വിവരങ്ങളും പോസ്റ്റുകളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരകളുടെ വിശ്വാസം കൈക്കലാക്കുന്നത്. സ്വകാര്യ ഫോട്ടോകൾ അയച്ചുതരാൻ ആവശ്യപ്പെടുകയും തുടർന്ന് പണം നൽകിയില്ലെങ്കിൽ ഇവ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. സമൂഹമാധ്യമങ്ങളിലും പോൺ സൈറ്റുകളിലും ഇത്തരം ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ട്. മാനഹാനി ഭയന്ന് പലരും പരാതിപ്പെടുക പോലുമില്ല. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കുട്ടികളെ പീഡിപ്പിച്ച കേസുകളും നിരവധിയാണ്.
ചിത്രം മോർഫ് ചെയ്ത് പണം തട്ടിയ യുവാവ് പിടിയിൽ
വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമിച്ച് നിരവധി പെൺകുട്ടികളുമായി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കുകയും അവരുടെ സ്വകാര്യ ചിത്രം ശേഖരിച്ച് മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ. കപ്പക്കടവ് നുചിതോട് സ്വദേശി കളത്തിൽ ഹൗസിൽ മുഹമ്മദ് സഫ്വാൻ (23) ആണ് അറസ്റ്റിലായത്. സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
ഏച്ചുർ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. കേസ് അന്വേഷണത്തിനിടെ പ്രതി സമൂഹ മാധ്യമങ്ങളിൽനിന്ന് നിരവധി യുവതികളുടെ ഫോട്ടോ ശേഖരിച്ചു വ്യാജ അക്കൗണ്ടുകൾ നിർമിച്ചു ദുരുപയോഗം ചെയ്തതായി കണ്ടെത്തി. ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതി ഇതിനായി രണ്ട് ഫോണുകളും നാല് സിമ്മുകളും ഉപയോഗിച്ചിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി താമസ സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സബ് ഇൻസ്പെക്ടർമാരായ സുഭാഷ് ചന്ദ്രൻ, ഉദയ കുമാർ, എ.എസ്.ഐ ജ്യോതി, എസ്.സി.പി.ഒ സിന്ധു, സി.പി.ഒ അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രചരിപ്പിക്കാൻ അശ്ലീല ഗ്രൂപ്പുകൾ
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് വലയിലാവുന്ന ഇരകളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കാൻ പ്രത്യേകം ടെലഗ്രാം, വാട്സ്ആപ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ വിദ്യാർഥികളുടെ അടക്കം അശീല ദൃശ്യങ്ങൾ ഇത്തരം ഗ്രൂപ്പുകളിൽ പ്രചരിക്കാറുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമാണ്. കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ചവരെ പിടികൂടാൻ ഓപറേഷന് പി ഹണ്ട് എന്ന പേരിൽ പൊലീസ് പരിശോധന നടത്തി നടപടി സ്വീകരിക്കാറുണ്ട്. ഇത് ഊർജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.
കഴിഞ്ഞവർഷം പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിമൂന്നുകാരിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്സ്ആപ് ഗ്രൂപ്പുവഴി പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തിരുന്നു. അശ്ലീല പ്രേമികളുടെ വാട്സ്ആപ് കൂട്ടായ്മയിലേക്ക് കുട്ടിയുടെ അമ്മയുടെ ഫോട്ടോയും ഫോണ്‍നമ്പറും സഹിതം പോസ്റ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു.
അനാവശ്യ വിവരങ്ങൾ കൈമാറരുത്
ഫോണുകളിൽ വിശ്വാസ്യതയുള്ള ആപ്ലിക്കേഷനുകൾ മാത്രം ഉപയോഗിക്കാം. അപരിചിതരോട് സംസാരിക്കുന്നതിൽ ജാഗ്രതവേണം. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അനാവശ്യ വെബ്സൈറ്റ് സന്ദർശിക്കാനോ വ്യക്തിഗത വിവരങ്ങൾ കൈമാറാനോ പാടില്ല. ലോൺ, ഗെയിം ആപ്പുകൾ ഫോണിലെ മുഴുവൻ ഡേറ്റകളും ചോർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മറ്റ് സോഷ്യൽ മീഡിയ ലിങ്കുകൾ വഴിയുള്ള ഓൺലൈൻ പർച്ചേസുകൾ സുരക്ഷിതമല്ല. ഒരു കാരണവശാലും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ, യൂസർ ഐ.ഡി പാസ് വേർഡ്, ഒ.ടി.പി എന്നിവ കൈമാറരുത്. പണം ഓഫർ ചെയ്തുള്ള ഓൺലൈൻ ടാസ്കുകളിൽ ഒരു കാരണവശാലും പങ്കെടുക്കരുത്. നിങ്ങളുടെ അക്കൗണ്ടിലെ മുഴുവൻ തുകയും നഷ്ടപ്പെട്ടേക്കാം.
പരാതിപ്പെടാം
സൈബർ കുറ്റകൃത്യങ്ങളിൽ ഇരയായാൽ 1930 എന്ന നമ്പറിൽ വിളിച്ചറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതി രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.