ക്രിപ്റ്റോ കറൻസി തട്ടിപ്പ്: ഒരാൾ പിടിയിൽ

കോഴിക്കോട്: ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിന്‍റെ പേരിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി 1200 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സ്റ്റോക്സ് ഗ്ലോബൽ ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ മലപ്പുറം അബ്ദുൽ ഗഫൂറിനെയാണ് ഇ.ഡി കോഴിക്കോട് സബ് സോണൽ ഓഫിസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. തുടർന്ന് റിമാൻഡിലായി. മോറിസ് കോയിനിൽ നിക്ഷേപിച്ചാൽ വലി ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇയാൾ പണം തട്ടിപ്പിലൂടെ സമ്പാദിച്ച് സ്റ്റോക്സ് ഗ്ലോബൽ ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വഴി 39 കോടി രൂപ കൈമാറിയെന്നാണ് പറയുന്നത്.

മോറിസ് കോയിൻ കേസിൽ മുഖ്യപ്രതിയായി പറയുന്ന പൂക്കോട്ടുപാടം അമരമ്പലം തോട്ടക്കര നിഷാദടക്കമുള്ളവർ വാഗ്ദാനം നൽകി ആയിരത്തോളം നിക്ഷേപകരിൽനിന്നായി പണം തട്ടിയെന്നാണ് ആരോപണം. സൗദിയിൽ ഒളിവിലാണെന്ന് കരുതുന്ന മുഖ്യ പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ബംഗളൂരുവിലുമുള്ളവരിൽനിന്ന് പണം ഇന്‍റർനെറ്റ് വഴി സ്വീകരിച്ചുവെന്നാണ് പറയുന്നത്.

ലോൺറിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബംഗളൂരൂ കമ്പനിയുണ്ടാക്കി എം.ഡിയെന്ന് വിശ്വസിപ്പിച്ചാണ് ആളുകളെ സമീപിച്ചത്. എന്നാൽ, കമ്പനി രജിസ്റ്റർ ചെയ്യാതെ ബംഗളൂരുവിൽ മുറി വാടകക്കെടുത്ത് ജി.എസ്.ടി രജിസ്ട്രേഷൻ സംഘടിപ്പിച്ചു. ഒരുമാസത്തിനുശേഷം മുറി ഒഴിവാക്കിയെങ്കിലും ജി.എസ്.ടി രജിസ്ട്രേഷൻ നമ്പർ ഇടപാടുകൾക്ക് ഉപയോഗിച്ചു. ഈ അക്കൗണ്ട് വഴി കോടികളുടെ ക്രയ പണമിടപാട് ശ്രദ്ധയിൽപെട്ട പൊലീസ് അന്വേഷണത്തിലാണ് വിവരം പുറത്തായത്.

Tags:    
News Summary - Cryptocurrency fraud: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.