കവർച്ച കേസിൽ പിടിയിലായ പ്രതികൾ
കാഞ്ഞങ്ങാട്: മാവുങ്കാലിന് സമീപം ക്രഷർ മാനേജർ രവീന്ദ്രനെ തള്ളിയിട്ടശേഷം തോക്ക് ചൂണ്ടി 10 ലക്ഷം കവർന്ന കേസിൽ റിമാൻഡിലുള്ള നാല് പ്രതികളെ തുടർ അന്വേഷണങ്ങൾക്കായി ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ബിഹാർ സ്വദേശികളായ ഇബ്രാൻ ആലം, മുഹമ്മദ് മാലിക്, മുഹമ്മദ് ഫാറൂഖ്, ആസാം സ്വദേശി ധനഞ്ജയ് ബോറ എന്നിവരെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസത്തേക്കാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. രണ്ട് ദിവസത്തേക്ക് മാത്രമേ പ്രതികളെ കസ്റ്റഡിയിൽ അനുവദിച്ചുള്ളൂ. 15ന് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കണം. കല്യാൺ റോഡിന് സമീപം ഏച്ചിക്കാനത്തെ ജാസ് ഗ്രാനൈറ്റ് അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റോക്ക് യാർഡിന്റെ മാനേജർ കോഴിക്കോട് മരുതോംകര സ്വദേശി പി.പി. രവീന്ദ്രനെ (56) ആക്രമിച്ച് പത്ത് ലക്ഷത്തി ഇരുപതിനായിരം രൂപ കവർന്ന പ്രതികളാണ് വീണ്ടും പൊലീസ് കസ്റ്റഡിയിലായത്. നഷ്ടപ്പെട്ട തുകയിൽ ഏതാനും ആയിരങ്ങൾ ഒഴിച്ച് ബാക്കി തുക മുഴുവൻ അറസ്റ്റിലായ ഉടൻ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു.
ഈ കേസിൽ കാര്യമായ തെളിവെടുപ്പൊന്നും പൂർത്തിയാക്കാനില്ലെങ്കിലും ജില്ലയിൽ മുമ്പ് നടന്ന ചില കവർച്ച കേസുകളിൽ പ്രതികൾക്ക് ബന്ധമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
പ്രതികൾ സഞ്ചരിച്ച വാടക കാർ കൃത്യം നടന്ന പിറ്റേ ദിവസം തന്നെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തിയിരുന്നു. കർണാടക പൊലീസ് മംഗലാപുരത്തുനിന്ന് പ്രതികളെ പിടികൂടി ഹോസ്ദുർഗ് പൊലീസിന് കൈമാറുകയായിരുന്നു. ക്രഷർ പൂട്ടി കല്യാൺ റോഡിലെ താമസസ്ഥലത്തേക്ക് പോകാൻ ഓട്ടോ കാത്ത് നിൽക്കവേയായിരുന്നു സംഘം പണം കവർന്ന് രക്ഷപ്പെട്ടത്.
ബിഹാർ സ്വദേശികളായ ഇബ്രാൻ ആലം, മുഹമ്മദ് മാലിക്, മുഹമ്മദ് ഫാറൂഖ് എന്നീ പ്രതികൾക്ക് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ പ്രതികളുടെ ബന്ധുക്കൾ ബിഹാറിൽ ഹോസ്ദുർഗ് ബാറിലെ അഭിഭാഷകനെ ബന്ധപ്പെട്ടു.
മറ്റൊരു പ്രതി അസാം സ്വദേശി ധനഞ്ജയ് ബോറയുടെ ബന്ധുക്കൾ അസാമിൽ നിന്നും കാഞ്ഞങ്ങാട്ടെത്തി അഭിഭാഷകനെ കണ്ടു. ധനഞ്ജയ് ബോറക്കുവേണ്ടി അഭിഭാഷകൻ കോടതിയിൽ ജാമ്യാപേക്ഷ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.