ബംഗളൂരു: തെലുങ്ക് ചിത്രമായ 'അരുന്ധതി'യിലെ ആത്മാഹുതി രംഗം അനുകരിച്ച് കർണാടകയിൽ യുവാവ് ആത്മഹത്യ ചെയ്തു. തുമാകുരു സ്വദേശിയായ രേണുക പ്രസാദ് (23) എന്ന യുവാവാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കുറഞ്ഞത് 15 തവണയെങ്കിൽ യുവാവ് ഈ സിനിമ കണ്ടിട്ടുണ്ടെന്നാണ് വിവരമെന്നും പൊലീസ് പറഞ്ഞു.
സിനിമയിലെ കഥാപാത്രത്തെ പോലെ 20 ലിറ്റർ പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാൾ പിറ്റേദിവസം മരിച്ചു.
പത്താം ക്ലാസുവരെ പഠനത്തിൽ മികവുപുലർത്തിയിരുന്നു രേണുക പ്രസാദ്. പിന്നീട് സിനിമ കാണുന്നത് ഹരമായി മാറി. 11ാം ക്ലാസിൽ പഠനം ഉപേക്ഷിക്കുകയും ചെയ്തു. മാതാപിതാക്കൾ നിരവധിതവണ ഉപദേശിച്ചെങ്കിലും രേണുക പ്രസാദിന്‍റെ സിനിമകളോടുള്ള അഭിനിവേശം അവസാനിച്ചില്ല.
'അരുന്ധതി'യിലെ ആത്മാഹുതി രംഗങ്ങൾ അനുകരിക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ മാതാപിതാക്കളോട് യുവാവ് സംസാരിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.