ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ പൊലീസുകാരനെ തൂണിൽ കെട്ടിയിട്ട് നഗ്നനാക്കി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഒരു സംഘം ഗ്രാമീണരാണ് പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദിക്കുന്നത്. പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ് ഇയാളെ മർദിച്ചതെന്നാണ് ആളുകൾ പറയുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വീടിന്റെ മുകളിൽ കയറി മേൽക്കൂര നീക്കി അകത്ത് കടന്ന പൊലീസുകാരൻ അവിടെയുണ്ടായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ഉച്ചത്തിൽ ബഹളം വെച്ചതോടെ വീട്ടുകാർ എത്തി. പൊലീസുകാരൻ മദ്യപിച്ച നിലയിലായിരുന്നു.
വീട്ടുകാർ ഉടൻ ഗ്രാമവാസികളെ വിളിച്ചുകൂട്ടുകയും രോഷാകുലരായ ആൾക്കൂട്ടം പൊലീസുകാരനെ നഗ്നനാക്കി തൂണിൽ കെട്ടിയിട്ട് മർദിച്ചു. സന്ദീപ് കുമാർ എന്നാണ് ഇയാളുടെ പേര്. ഒടുവിൽ പൊലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സബ് ഇൻസ്പെക്ടർ ആയിരുന്ന സന്ദീപിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ മർദന വിഡിയോ വൈറലായതിനു പിന്നാലെ സംഭവത്തിൽ വകുപ്പ് തല അന്വേഷണവും തുടങ്ങി. ഇയാൾക്കെതിരെ ബലാൽസംഗശ്രമത്തിന് കേസെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.