കട്ടപ്പന: നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ വീടുകളിൽ പരിശോധ നടത്തുന്നുവെന്നറിഞ്ഞ് നൂറുകണക്കിനാളുകളാണ് പ്രദേശത്തേക്ക് ഒഴുകിയെത്തിയത്. സിനിമക്കഥകളെ വെല്ലുന്ന കൃത്യം നാട്ടിൽ നടന്നെന്ന് വിശ്വസിക്കാൻ പലർക്കും കഴിഞ്ഞില്ല. വിഷ്ണുവിന്‍റെ പിതാവ് വിജയനെയും സഹോദരിയുടെ നവജാത ശിശുവിനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് നിതീഷ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതോടെയാണ് ഞായറാഴ്ച വീടിന്‍റെ തറ പൊളിച്ച് പരിശോധിക്കാൻ പൊലീസ് എത്തിയത്.
മൃതദേഹം കുഴിച്ചിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് സിനിമക്കഥയെപ്പോലും വെല്ലുന്ന തരത്തിലായിരുന്നു. വിജയനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നശേഷം വിഷ്ണുവിന്‍റെ സഹായത്തോടെ വീട്ടിലെ മുറിയിൽ കുഴിയെടുത്ത് മൃതദേഹം മൂടുകയായിരുന്നു. ഇതിന് വിജയന്‍റെ ഭാര്യ സുമയുടെകൂടി സഹായം നിതീഷ് തേടി. അവരെക്കൂടി കൊലപാതകത്തിൽ പങ്കുകാരാക്കി വിവരം പുറത്തുപോകുന്നത് തടയുകയായിരുന്നു. മുറിക്കുള്ളിൽ മൂന്നടി ചതുരത്തിൽ കുഴിയെടുത്ത് മൃതദേഹം അതിനുള്ളിലാക്കി മണ്ണിട്ടുമൂടി മുകളിൽ കോൺക്രീറ്റിട്ട് തറ നിരപ്പാക്കി തെളിവ് ഇല്ലാതാക്കി. ഏതാണ്ട് എട്ടുമാസം മുമ്പ് നടത്തിയ കൊലക്കുശേഷം മാസങ്ങൾ കഴിഞ്ഞതോടെ മൃതദേഹം ജീർണിച്ച് മുടിയ കുഴിയുടെ തറ ഇടിഞ്ഞുതാഴ്ന്നു. ഇതേതുടർന്ന് കുഴിക്ക് മുകളിൽ സിമന്റ് ചാന്തിട്ട് തറ വീണ്ടും നിരപ്പാക്കി. മൃതദേഹം കണ്ടെത്താൻ കുഴി തുറന്നപ്പോൾ ഇതിന്റെ തെളിവുകൾ വ്യക്തമായിരുന്നുവെന്ന് പൊലീസ് നടപടിയുടെ ഭാഗമായി സ്ഥലത്തെത്തിയ കാഞ്ചിയർ ഗ്രാമപഞ്ചായത്ത് അംഗം ഷാജി പറഞ്ഞു.
മൃതദേഹം കുഴിച്ചിട്ട മുറിയുടെ ജനലുകൾ പ്ലാസ്റ്റിക് ഷീറ്റിട്ട് വായു കടക്കാത്തവിധം മൂടിയ നിലയിലായിരുന്നു. പൊലീസ് പരിശോധനക്കെത്തുമ്പോൾ മൃതദേഹം മൂടിയ മുറിയുടെ സമീപത്ത് പ്ലാസ്റ്റിക്കിട്ട് മറച്ച് പൂജ നടത്തിയ ലക്ഷണങ്ങളുണ്ടായിരുന്നു. പൂജകളും മറ്റും ചെയ്യുന്നതിനാണ് നിതീഷ് വിഷ്ണുവിന്‍റെ വീട്ടിൽ എത്തിയിരുന്നത്. നിതീഷ് പറയുന്നതെന്തും അനുസരിക്കുന്ന അവസ്ഥയിലായിരുന്നു വിഷ്ണുവിന്‍റെ വീട്ടിലുള്ളവർ.
കൊലക്കുശേഷം വിവരം പുറത്തറിയാതിരിക്കാൻ വീട്ടിനുള്ളിൽനിന്ന് ഇവരെ പുറത്തിറക്കിയിരുന്നില്ല. പുറംലോകവുമായി ബന്ധപ്പെടാതെ മാസങ്ങൾ മുറിയിൽതന്നെ കഴിഞ്ഞതിനാൽ വിജയന്റെ ഭാര്യ സുമയും മകളും മനോനില തകർന്ന സ്ഥിതിയിലായിരുന്നെന്നും പറയുന്നു. അതുകൊണ്ടുതന്നെ ഇവരുടെ മൊഴി വിശ്വസിക്കാൻ പൊലീസ് ആദ്യം മടിച്ചു. പിന്നീട് സാഹചര്യത്തെളിവുകളും ഇവരുടെ മൊഴികളും തമ്മിൽ ബന്ധിപ്പിച്ചാണ് പൊലീസ് കൊല നടന്നെന്ന നിഗമനത്തിലേക്ക് എത്തിയത്. സമീപവാസികൾക്ക് ഇവരെക്കുറിച്ചുള്ള ഒരു വിവരവും ഇല്ലായിരുന്നു. അത്ര നിഗൂഢമായിരുന്നു ഇവരുടെ ജീവിതം.
കട്ടപ്പന: കൊലപാതകത്തിലേക്ക് നയിച്ചത് വിജയനും നിതീഷും തമ്മിലുള്ള തർക്കമായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. തർക്കത്തിനിടെ നിതീഷ് ഷർട്ടിൽ പിടിച്ചുവലിച്ച് നിലത്തിട്ടശേഷം ചുറ്റികകൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. വിജയന്‍റെ ഭാര്യ സുമയുടെയും മകൻ വിഷ്ണുവിന്‍റെയും സഹായം ഇതിനുണ്ടായിരുന്നു.
വിഷ്ണുവിന്റെ സഹായത്തോടെ വീട്ടിലെ ഒരു മുറിയിൽ കുഴിയെടുത്ത് മൃതദേഹം മൂടി. മാർച്ച് രണ്ടിന് പുലർച്ച കട്ടപ്പനയിലെ വർക്ക്ഷോപ്പിൽ മോഷണത്തിന് ശ്രമിക്കുമ്പോഴാണ് വിഷ്ണു പിടിയിലായത്. ഈ സമയം പുറത്ത് കാവൽനിൽക്കുകയായിരുന്നു നിതീഷ്. ചോദ്യംചെയ്യലിനിടെ കൊലപാതകത്തെക്കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. പ്രതിയായ വിഷ്ണുവിന്റെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ സഹോദരിയോട് അച്ഛനെവിടെയെന്ന് ചോദിച്ചിരുന്നു. ഇതിന് കൃത്യമായ ഉത്തരം ലഭിച്ചില്ല. തുടർന്ന് പ്രതികളെ ചോദ്യംചെയ്തപ്പോഴും മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി.
പൊലീസ് രഹസ്യാന്വേഷണവിഭാഗം ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. വിജയനെ കാണാതായെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കളിൽ ചിലർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഒരുമിച്ച് താമസിക്കുന്ന കക്കാട്ടുകടയിലെ വാടകവീടിന്റെ തറ പുതുതായി കോൺക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
കട്ടപ്പന: നവജാതശിശുവിനെ കൊന്നത് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞായതിനാലെന്നാണ് പൊലീസ് പറയുന്നത്. നിതീഷിന് വിജയന്റെ മകളിലുണ്ടായ ആൺകുഞ്ഞിനെ 2016 ജൂലൈയിലാണ് കൊന്നത്.
നിതീഷും കുട്ടിയുടെ മാതാവായ യുവതിയും വിവാഹിതരല്ല. ഇത് പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേട് മൂലമാണ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ വിജയൻ കാലിൽ പിടിച്ചു നൽകിയപ്പോൾ നിതീഷ് മൂക്കുംവായും തുണികൊണ്ട് മൂടി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.
മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിൽ ഇവർ അന്ന് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിൽ കുഴിച്ചുമൂടുകയായിരുന്നു. വിജയന്റെ മകൻ വിഷ്ണുവും ഈ കേസിൽ പ്രതിയാണ്.
കട്ടപ്പന: കൊല്ലപ്പെട്ട വിജയന്റെ ഭാര്യയും മകളും ആറു മാസം ബാഹ്യലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞത് അടച്ചിട്ട ഒറ്റ മുറിക്കുള്ളിൽ. നിലത്ത് ബെഡ് വിരിച്ചായിരുന്നു ഉറക്കം. മുറിയുടെ ഒരരികിൽ ഘടിപ്പിച്ച ഷെൽഫിൽ ഗ്യാസ് സ്റ്റൗ വെച്ച് ഭക്ഷണം പാകംചെയ്തായിരുന്നു ജീവിച്ചിരുന്നത്. ഒരിക്കൽപോലും വീടിന് പുറത്തിറങ്ങിയിരുന്നില്ല. നിതീഷിന്റെ നിയന്ത്രണത്തിലായിരുന്നു ഇവർ. ഭക്ഷണസാധനങ്ങളും വെള്ളവും എത്തിച്ചത് നിതീഷും വിഷ്ണുവും ചേർന്നായിരുന്നു. തൊട്ടടുത്ത വീട്ടിൽനിന്ന് രണ്ടുമൂന്ന് ദിവസം ഇടവിട്ട് വെള്ളം കൊണ്ടുവന്ന് കൊടുത്തിരുന്നതും നിതീഷായിരുന്നു. ഒരിക്കൽപോലും അയൽവാസികൾ ഇവരെ കണ്ടിട്ടില്ല. ഇങ്ങനെ രണ്ട് സ്ത്രീകൾ അവിടെ താമസിച്ച വിവരം ഞെട്ടലോടെയാണ് അയൽവാസികൾ അറിഞ്ഞത്. തുടർച്ചയായി ആറുമാസം മുറിക്കുള്ളിൽ കഴിഞ്ഞതിനാൽ ഇവർക്ക് ഒട്ടേറെ മാനസിക പ്രശ്നങ്ങളും ഉള്ളതായി പറയുന്നു.
മൃതദേഹം മൂടിയിരുന്ന മുറിയുടെ തൊട്ടടുത്ത് ഒരു ടോയ്ലറ്റ് മുറിയുണ്ടായിരുന്നു. സുമയും മകളും വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞത് ഈ ടോയ്ലറ്റ് സൗകര്യം ഉണ്ടായിരുന്നതിനാലാണെന്ന് പൊലീസ് പറഞ്ഞു. വിജയനെ കൊലപ്പെടുത്തിയ വിവരം പുറത്തറിയാതിരിക്കാനായിരുന്നു ഇരുവരെയും ഭയപ്പെടുത്തി മുറിക്കുള്ളിൽ പൂട്ടിയിട്ടതെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.