സ്വാമി ചൈതന്യാനന്ദ സരസ്വതി

‘സ്വാമി ചൈതന്യാനന്ദ സരസ്വതി സ്ഥിരം കുറ്റവാളി, ഓഫീസിനോട് ചേർന്ന് സ്വകാര്യ മുറി, വിദ്യാർഥിനികളെ കുരുക്കിയത് മോഹവാഗ്ദാനങ്ങളും ഭീഷണിയും വഴി‘ അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ്

ന്യൂഡൽഹി: വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന ശ്രീ ഷാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതി ( ഡോ. പാർഥ സാരഥി) സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. ഇയാൾക്കെതിരെ 200​​9ലും 2016ലും സമാനമായ കേസുകളുണ്ടായിരുന്നു. 2009ൽ ബലാത്സംഗത്തിനും വഞ്ചനക്കും ഇയാൾക്കെതിരെ കേസെടുത്തെങ്കിലും അൽപനാളുകൾക്ക് ശേഷം പുറത്തിറങ്ങി പ്രവർത്തനം തുടരുകയായിരുന്നു. 2016ൽ ഇയാൾക്കെതിരെ ആശ്രമവാസിയായ യുവതി പരാതി നൽകിയെങ്കിലും ആശ്രമം അധികൃതരോ പൊലീസോ യാതൊരു​ നടപടിയും എടുത്തിരുന്നില്ലെന്നും ആരോപണമുണ്ട്.

അതേസമയം, കേസെടുത്തതിന് പിന്നാ​ലെ ഒളിവിൽ പോയ ഇയാൾ ആഗ്രവഴി കടന്നതായായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ഊർജ്ജിതമാക്കിയതായും ​പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ദേശീയ വനിത കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ടിൽ പീഡനത്തിന് രഹസ്യ മുറി

കൂടുതൽ വിദ്യാർഥിനികൾ ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെ ഡൽഹി വസന്ത്കുഞ്ചിലെ ശ്രീ ഷാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിൽ പൊലീസ് സംഘം നടത്തിയ തെരച്ചിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. താഴത്തെ നിലയിലുള്ള തന്റെ ഓഫീസിനോട് ചേർന്ന് പ്രത്യേക ചേമ്പർ ചൈതന്യാനന്ദ സജ്ജമാക്കിയിരുന്നു. ഇവിടെ വച്ചാണ് വിദ്യാർഥികളെ ഇയാൾ ചൂഷണത്തിനിരയാക്കിയിരുന്നത്. വിദ്യാർഥികളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കോളജിൽ സൂക്ഷിക്കണമെന്ന് നിർ​ബന്ധമുണ്ടായിരുന്നു. ചൈതന്യാനന്ദയും അടുത്ത സഹായികളായ കോജള് ഡീനും രണ്ട് വനിത ജീവനക്കാരും ചേർന്നാണ് ഈ തീരുമാനമെടുത്തിരുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനമവസാനിപ്പിച്ച് പോകാൻ പറ്റാത്ത വിധത്തിൽ വിദ്യാർഥികളെ കുരുക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു.

വിനോദയാത്രമുതൽ വിദേശയാത്ര വരെ കെണികൾ

പുതിയ ആഢംബര കാർ വാങ്ങിയ​ശേഷം ചൈതന്യാനന്ദ നിരവധി വിദ്യാർഥിനികളെ പ്രത്യേക പൂജക്കെന്ന പേരിൽ ഹരിദ്വാറിലേക്ക് കൊണ്ടുപോയിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് മടക്കയാത്രയിൽ തങ്ങൾ ചൂഷണം ചെയ്യപ്പെട്ടതായി വിദ്യാർഥിനികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാൾ വിദ്യാർഥിനികളെ ദുരുപയോഗം ചെയ്യുന്നത് കോളജ് ഡീനിനും വനിത ജീവനക്കാർക്കും അറിയാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവരുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തി വരികയാണ്.

സമൂഹമാധ്യമങ്ങളിലൂടെയും ഇയാൾ വിദ്യാർഥികൾക്ക് കെണിയൊരുക്കിയിരുന്നു. കോളജിലെ 50 പെൺകുട്ടികൾ ഇയാളയച്ച സന്ദേശങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. വലിയ തുകകൾ മുതൽ വിദേശയാത്രയും തീർഥാടന യാത്രയും വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ വിദ്യാർഥിനികളെ സമീപിച്ചിരുന്നത്. പ്രതികരിക്കാത്തവർക്ക് മാർക്ക് വെട്ടിക്കുറക്കുമെന്നും തോൽപ്പിക്കുമെന്നും ഭീഷണിയും നേരിടേണ്ടി വന്നുവെന്ന് കണ്ടെത്തലുണ്ട്.

പരാതിയുമായി വായുസേന ക്യാപ്റ്റനും

കോളജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ സ്കോളർഷിപ്പ് ലഭിച്ച് ബിരുദാനന്തര ബിരുദത്തിന് ചേർന്ന വിദ്യാർഥിനികളാണ് പ്രതിയുടെ ചൂഷണത്തിന് ഇരയായത്. കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തിയതിതോടെ ​ശൃംഘേരി മഠം അഡ്മിനിസ്ട്രേറ്റർ പി.എ മുരളി ജൂലൈ 23ന് ഡൽഹി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ,  ഓഗസ്റ്റ് ഒന്നിന് വിദ്യാർഥികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഗ്രൂപ്പ് കാപ്റ്റൻ റാങ്കിലുള്ള വ്യോമസേനാംഗവും പരാതി നൽകിയിരുന്നു. തുടർന്ന്, ഓഗസ്റ്റ് നാലിലും അഞ്ചിനുമായി ഇൻസ്റ്റിറ്റ്യൂട്ട് ഇയാൾക്കെതിരെ 300 പേജ് വരുന്ന പരാതിയും തെളിവുകളും പൊലീസിന് കൈമാറിയിരുന്നു. ഒഡീഷയിലെ പാർഥസാരഥിയിൽ ജനിച്ച ചൈതന്യാനന്ദ കഴിഞ്ഞ 16 വർഷത്തോളമായി സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

Tags:    
News Summary - Chaitanyananda Saraswati accused of running torture chamber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.