കൊച്ചി: കൈകാണിച്ച് വാഹനം നിർത്തി പഞ്ചറാണെന്ന് ചൂണ്ടിക്കാട്ടിയ ആൾ കാറുമായി കടന്നുകളഞ്ഞു. എറണാകുളം മാമംഗലത്ത് ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. മാമംഗലം സണ്ണി എസ്റ്റേറ്റ് ഫ്ലാറ്റിൽ താമസിക്കുന്ന ശ്രുതി ബോസ് എന്ന യുവതിയുടെ കാറാണ് മോഷണം പോയത്. ഫ്ലാറ്റിൽനിന്ന് മെയിൻ റോഡിലേക്ക് ഇറങ്ങുമ്പോഴായിരുന്നു മോഷ്ടാവ് കൈകാണിച്ച് കാർ നിർത്തിച്ച് ടയർ പഞ്ചറാണെന്ന് പറഞ്ഞത്. ഇത് പരിശോധിക്കാൻ യുവതി പുറത്തിറങ്ങിയപ്പോൾ ഇയാൾ വേഗം കയറി കാറുമായി കടന്നുകളയുകയായിരുന്നു. ഉടൻ പാലാരിവട്ടം പൊലീസിൽ യുവതി പരാതി നൽകി. കാറിൽ ജി.പി.എസ് സൗകര്യമുണ്ടെന്ന് അറിയിച്ചതോടെ ഇതുപയോഗിച്ച് കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. കാറിെൻറ ജി.പി.എസ് ലൊക്കേഷന്‍ കൊച്ചി സിറ്റിയിലെ എല്ലാ സ്റ്റേഷനിലേക്കും പാലാരിവട്ടം പൊലീസ് നല്കി. യുവാവ് കാറുമായി നഗരത്തില്‍ ചുറ്റിയെങ്കിലും പൊലീസ് പിന്നാലെ പാഞ്ഞു. ഇതിനിടെയാണ് കുമ്പളം പാലത്തിന് സമീപത്ത് പട്രോളിങ് നടത്തുന്ന ഹൈവേ പൊലീസിനും വിവരം ലഭിക്കുന്നത്.
കാര്‍ സമീപത്ത് എത്തിയെന്നറിഞ്ഞതോടെ ഹൈവേ പൊലീസും കാറിന് പിന്നാലെ പാഞ്ഞു. ഇതിനിടെ, ടോള്‍ പ്ലാസ കടക്കാന്‍ ശ്രമിച്ചാല്‍ പിടിയിലാകുമെന്ന് കരുതി മോഷ്ടാവ് കാര്‍ സർവിസ് റോഡിലേക്ക് ഇറക്കി ഇടറോഡു വഴി തിരിച്ചുവിട്ടു. എന്നിട്ടും പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കി കുമ്പളം റമദ ഹോട്ടലിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ കാര്‍ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പാലാരിവട്ടം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.