കൊല്ലപ്പെട്ട കെ. ഷാഹുൽ, സി. ഇസ്ഹാഖ്, എം. ഇംതിയാസ് 

കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ നിധി തേടിയെത്തിയവരുടേത്; ആറ് പ്രതികൾ അറസ്റ്റിൽ

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത ബെൽത്തങ്ങാടി സ്വദേശികളായ മൂന്ന് പേരുടെ മൃതദേഹങ്ങൾ തുമകൂരുവിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചുരുളഴിയുന്നത് നിധി തേടിയവരുടെ ദാരുണാന്ത്യം.

ബെൽത്തങ്ങാടി ടി.ബി ക്രോസ് റോഡിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ. ഷാഹുൽ (45), മഡ്ഡട്ക്കയിലെ സി. ഇസ്ഹാഖ് (56), ഷിർലാലുവിലെ എം. ഇംതിയാസ് (34) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തിയത്. സംഭവത്തിൽ തുമകൂരു പുട്ടസ്വാമയ്യ പാളയയിലെ കെ. മധു (34), സാന്തെപേട്ടയിലെ വി. നവീൻ(24), വെങ്കിടേഷ് പുരയിലെ എ. കൃഷ്ണ(22), ഹോംബയ്യണപാളയയിലെ എൻ. ഗണേശ്(19), കാളിദാസ നഗറിലെ എം. സൈമൺ (18), നാഗണ്ണ പാളയയിലെ യു. കിരൺ (23) എന്നിവരെ അറസ്റ്റ് ചെയ്തതായി തുമകൂരു ജില്ല പൊലീസ് സൂപ്രണ്ട് കെ.വി. അശോക് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

തുമകൂരു കുച്ചാംഗി തടാകത്തിലേക്ക് തള്ളിയിട്ട നിലയിലായിരുന്നു റഫീഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാർ. ബെൽത്തങ്ങാടി സ്വദേശികളായ മൂന്നുപേരെയും പ്രതികൾ സംഭവദിവസം ബീരണക്കല്ല് മലയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് എസ്.പി പറഞ്ഞു. അവിടെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ കാറിലിട്ട ശേഷം വാഹനത്തിന് തീകൊളുത്തി. പിന്നീട് തടാകത്തിൽ തള്ളി തെളിവുകൾ നശിപ്പിക്കുകയായിരുന്നു.

തടാകത്തിൽ കത്തിയ കാർ കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. മരിച്ചവരെ ഏഴ് മാസത്തോളമായി തുമകൂരു ശിരാഗട്ടെയിലെ പാട്ടരാജു എന്ന രാജുവിനൊപ്പം(35) കാണാറുണ്ടെന്ന നാട്ടുകാരുടെ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. രാജുവിനെയും കൂട്ടാളി വാസി ഗംഗാരാജുവിനേയും (35) ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

നിധി എടുത്തു നൽകാം എന്ന് വിശ്വസിപ്പിച്ച് പാട്ടരാജുവും കൂട്ടാളിയും ബെൽത്തങ്ങാടി സ്വദേശികളിൽനിന്ന് പല തവണകളായി ആറ് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ആറ് മാസം കഴിഞ്ഞിട്ടും നിധി കിട്ടാത്തതിനെത്തുടർന്ന് പണം തിരിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. തന്നില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതോടെ മൂവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജില്ല പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Tags:    
News Summary - Burnt bodies found in cars belong to treasure hunters; Six accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.