കൊൽക്കത്ത: 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ചപ്ര നിയമസഭാ മണ്ഡലത്തിലെ ഹാത്ര പ്രദേശത്ത് വ്യാപക അക്രമം. ബൂത്തിലേക്ക് പോകുകയായിരുന്ന ബി.ജെ.പി പോളിങ് ഏജന്റ് മൊഷറഫ് മിറിനെ എതിർകക്ഷികൾ ക്രൂരമായി മർദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.
ബൂത്ത് നമ്പർ 53ലേക്ക് പോകുകയായിരുന്ന തന്നെ ഒരു സംഘം തടഞ്ഞുനിർത്തുകയും പ്രകോപനമില്ലാതെ ആക്രമിക്കുകയുമായിരുന്നുവെന്ന് മൊഷറഫ് മിർ 'ടൈംസ് നൗവിനോട്' വെളിപ്പെടുത്തി. അവർ ഞങ്ങളുടെ വഴി തടയുകയും അസഭ്യം പറയുകയും ചെയ്തു. പെട്ടെന്നാണ് മർദനം തുടങ്ങിയത്. ഇരുമ്പുദണ്ഡുകൾ, മാരകായുധങ്ങൾ, കല്ലുകൾ എന്നിവ ഉപയോഗിച്ച് അവർ ഞങ്ങളെ ക്രൂരമായി മർദിച്ചു. ഒരാൾ ഇരുമ്പുദണ്ഡുകൊണ്ട് എന്റെ തലക്കടിച്ചു. ചോരയൊലിച്ച് നിലത്തുവീണിട്ടും അവർ മർദനം തുടർന്നു’ മിർ പറഞ്ഞു.
ആക്രമണത്തിനിടെ തങ്ങൾക്ക് നേരെ തോക്കുചൂണ്ടി വധഭീഷണി മുഴക്കിയതായും അദ്ദേഹം ആരോപിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് തന്നെ രക്ഷപ്പെടുത്തിയത്. തുടർന്ന് ചപ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ച മിറിന്റെ തലയിൽ അഞ്ച് തുന്നലുകളുണ്ട്.
ആശുപത്രിയിൽ നിന്ന് മടങ്ങിയ ശേഷവും താൻ ഭീഷണി നേരിടുകയാണെന്ന് മിർ ആരോപിച്ചു. പൊലീസിൽ പരാതി നൽകിയാൽ വീട്ടിലെത്തി കൊല്ലുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായും താനിപ്പോൾ ഭയത്തോടെയാണ് കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെത്തുടർന്ന് ചപ്രയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷൻ വിഷയത്തിൽ ഇടപെടണമെന്നും അക്രമികൾക്കെതിരെ കർശന നടപടി വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിലും പലയിടങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.