റിസോർട്ടി​ലെ ജോലിക്കാരിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ബി.ജെ.പി നേതാവിന്റെ മകൻ അറസ്റ്റിൽ

ഹരിദ്വാർ: റിസോർട്ടി​ൽ ജോലിക്കാരിയായിരുന്ന 19കാരിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ബി.ജെ.പി നേതാവിന്റെ മകൻ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയാണ് പിടിയിലായത്. ഹരിദ്വാർ ജില്ലയിലെ ഋഷികേശിനടുത്ത് തന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ ജോലി ചെയ്തിരുന്ന പൗരി-ഗർവാൾ സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കാണാനില്ലെന്ന് പ്രതിയും പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ട് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു കൊലപാതകം. ഇവരും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. മൃതദേഹം കണ്ടെത്താൻ റിസോർട്ടിന് സമീപത്തെ കനാലിൽ തിരച്ചിൽ തുടരുകയാണ്.

വിനോദ് ആര്യ ആർ.എസ്.എസിനൊപ്പമായതിനാൽ പൊലീസ് നിഷ്ക്രിയത്വം കാണിക്കുന്നതായി പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. സെപ്റ്റംബർ 18ന് പെൺകുട്ടിയെ കാണാതായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ എന്തുകൊണ്ടാണ് പൊലീസ് 21 വരെ കാത്തിരുന്നതെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് ഗരിമ മെഹ്‌റ ദസൗനി ചോദിച്ചു.

അതേസമയം, സംഭവത്തിൽ ആരുൾപ്പെട്ടാലും കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. "ഇത് വളരെ സങ്കടകരമായ സംഭവമാണ്, അത്യന്തം ഹീനമായ കുറ്റകൃത്യമാണ്. അറസ്റ്റുമായി ബന്ധപ്പെട്ട എല്ലാം പൊലീസ് ചെയ്തു. കടുത്ത നടപടി സ്വീകരിക്കും. കുറ്റവാളി ആരായാലും വെറുതെ വിടില്ല" അദ്ദേഹം പറഞ്ഞു.

പുൽകിത് ആര്യയെ കൂടാതെ റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവരും അറസ്റ്റിലായതായി പൗരി അഡീഷനൽ പൊലീസ് സൂപ്രണ്ട് ശേഖർ ചന്ദ്ര സുയാൽ പറഞ്ഞു.

Tags:    
News Summary - BJP leader's son was arrested in the case of killing a maid at the resort and throwing her in the lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.