പ്രതീകാത്മക ചിത്രം

സെക്രട്ടേറിയറ്റിന് മുന്നിൽ ബൈക്ക് അഭ്യാസപ്രകടനം; റാപ്പിഡോ ഡ്രൈവർ ഉൾപ്പടെ അഞ്ചു പേർ പിടിയിൽ

ഹൈദരാബാദ്: അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസങ്ങൾ നടത്തിയ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഒരു റാപ്പിഡോ ഡ്രൈവറും വിദ്യാർഥികളും ഉൾപ്പെടുന്നു. തെലങ്കാന തള്ളി ഫ്ലൈഓവർ മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള റോഡിൽ അപകടകരമാംവിധം അമിതവേഗത്തിലും അശ്രദ്ധമായും ബൈക്ക് ഓടിച്ചതിനാണ് സെയ്‌ഫാബാദ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

മാർച്ച് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാക്കൾ ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വിഡിയോയുടെ അടിസ്ഥാപത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. വഡ്ഡി അർജുൻ (22), അരുപു രോഹിത് (19), ചിന്താകുണ്ട അഞ്ജ കുമാർ (19), സിദ്ധം കൗശിക് (18), വല്ലാപ്പു മുരളി (18) എന്നിവരാണ് പിടിയിലായവർ. ഇതിൽ വഡ്ഡി അർജുനാണ് ബൈക്ക് ഓടിച്ചിരുന്നത്, മറ്റുള്ളവർ പിന്നിലിരിക്കുകയായിരുന്നു.

അറസ്റ്റിലായവരിൽ അരുപു രോഹിത് റാപ്പിഡോ ഡ്രൈവറായും മുരളി കാർ മെക്കാനിക്കായും ജോലി ചെയ്യുന്നവരാണ്. അഞ്ജ കുമാറും കൗശിക്കും വിദ്യാർഥികളാണ്. അർജുൻ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സെക്രട്ടേറിയറ്റ് പോലുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങളിൽ ഇത്തരം പ്രകടനങ്ങൾ നടത്തുന്നത് ഗതാഗത നിയമങ്ങളുടെ ലംഘനം മാത്രമല്ല, സുരക്ഷാ വീഴ്ച കൂടിയാണെന്ന് പൊലീസ് വ്യക്തമാക്കി.

പൊതുജനങ്ങളുടെയും കാൽനടയാത്രക്കാരുടെയും ജീവന് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Bike stunt in front of Secretariat; Five people including Rapido driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.