ബംഗളൂരു: ഡെലിവറി ഏജന്റിനെ കാറിടിച്ച് കൊന്നതിന് മലപ്പുറം സ്വദേശിയും ബംഗളൂരു ഗോട്ടിഗെരെയിലെ കളരിപ്പയറ്റ് പഠനകേന്ദ്രത്തിലെ പരിശീലകനുമായ മനോജ് കുമാറും (32) ഭാര്യ ജമ്മു-കശ്മീർ സ്വദേശി ആരതി ശർമയും (30) അറസ്റ്റിലായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒക്ടോബർ 25ന് രാത്രി ഒമ്പതോടെ കാറിടിപ്പിച്ച് കടന്നുകളഞ്ഞ ശേഷം 9.40ന് മനോജ് കുമാറും ഭാര്യയും അപകട സ്ഥലത്തേക്ക് വീണ്ടും വരുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മുഖംമറച്ച് സ്കൂട്ടറിലാണ് ഇരുവരും വന്നത്. സ്കൂട്ടർ അൽപം മാറ്റിനിർത്തി നടന്നുവന്ന് അപകടസ്ഥലത്തുനിന്ന്, ഇടിയിൽ നഷ്ടപ്പെട്ട കാറിന്റെ ഭാഗമെടുത്ത് മടങ്ങി. എന്നാൽ മടങ്ങുമ്പോൾ മാസ്ക് മാറ്റിയതിനാൽ മുഖം വ്യക്തമായിരുന്നു.
അപകടസമയത്ത് ഭാര്യ കൂടെയില്ലായിരുന്നു എന്നും രണ്ടാമത് വരുമ്പോൾ മാത്രമാണ് കൂടെ വന്നതെന്നുമാണ് മനോജ് കുമാർ പറയുന്നത്. ഇതുസംബന്ധിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പുട്ടണഹള്ളി പൊലീസ് അറസ്റ്റ് ചെയ്ത ദമ്പതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഭക്ഷണ വിതരണ ഏജന്റായ കെമ്പട്ടള്ളി സ്വദേശി ദർശൻ (24) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കാറിൽ സ്കൂട്ടർ തട്ടിയതിന് മാപ്പുചോദിച്ചിട്ടും വൈരാഗ്യം അടങ്ങാതെ പിന്നാലെപോയി വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹനാപകടമായി കരുതിയ സംഭവം സി.സി ടി.വി ദൃശ്യങ്ങളിൽനിന്നാണ് ക്രൂര കൊലപാതകമാണെന്ന് തെളിഞ്ഞത്.
പൊലീസ് പറയുന്നതിങ്ങനെ: ഒക്ടോബർ 25ന് രാത്രി ഒമ്പതോടെ ജെ.പി നഗറിലെ നടരാജ ലേ ഔട്ടിൽ ദർശന്റെ സ്കൂട്ടർ മനോജ് സഞ്ചരിച്ചിരുന്ന കാറിൽ ഉരസി. വലതുവശത്തെ കണ്ണാടിക്ക് ചെറിയ കേടുപാട് പറ്റി. ക്ഷമ ചോദിച്ച ദർശൻ പെട്ടെന്ന് കൂട്ടുകാരൻ വരുണുമായി സ്കൂട്ടറെടുത്ത് മുന്നോട്ടുപോയി. ഇതുകണ്ട മനോജ്കുമാർ ദേഷ്യത്തോടെ കാർ തിരിച്ച് ഇവർക്കുപിന്നാലെ പുറപ്പെട്ടു. പുട്ടണഹള്ളി ലേ ഔട്ടിനു സമീപം ഇവരെ കണ്ടെത്തി. കാർ അമിതവേഗത്തിൽ പാഞ്ഞുവന്ന് സ്കൂട്ടറിലിടിച്ച് നിർത്താതെപോയി. സ്കൂട്ടർ റോഡിന്റെ ഇടതുവശത്തേക്ക് മറിഞ്ഞുവീണു. പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ദർശൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ദർശന്റെ സഹോദരി ജെ.പി നഗർ ട്രാഫിക് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് സി.സി ടി.വി പരിശോധിച്ചത്. ഇതിൽ കാർ സ്കൂട്ടറിനടുത്തെത്തുമ്പോൾ വേഗം കൂട്ടുന്നതും ഇടതുവശത്തേക്കു വെട്ടിക്കുന്നതും കാമറ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.