കുഞ്ഞ് നിർത്താതെ കരഞ്ഞുകൊണ്ടേയിരുന്നു, തുടർന്ന് വായിൽ പ്ലാസ്റ്ററൊട്ടിച്ചതിനു ശേഷം കഴുത്തറുത്തു; ഡൽഹിയിൽ ലിവ് ഇൻ പങ്കാളിയെയും സുഹൃത്തിന്റെ കുഞ്ഞിനെയും കഴുത്തറുത്ത് കൊന്ന പ്രതി പിടിയിൽ

ന്യൂഡൽഹി: 22കാരിയുടെയും ആറുമാസം പ്രായമുള്ള കുഞ്ഞിന്റെയും ഇരട്ടക്കൊലപാതകത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ഡൽഹി. ഡൽഹിയിലെ തിരക്കേറിയ മജ്നു കാ ടില്ല ഭാഗത്താണ് സംഭവം. പ്രതിയായ ഉത്തരാഖണ്ഡ് സ്വദേശിയായ നിഖിലിനെ(24) ഹൽദ്വാനിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. നിഖിലിന്റെ ലിവ് ഇൻ പങ്കാളിയായിരുന്ന സോണൽ ആണ് കൊല്ലപ്പെട്ടത്. സോണലിന്റെ സുഹൃത്തിന്റെ മകളാണ് കൊല്ലപ്പെട്ട കുഞ്ഞെന്നും പൊലീസ് പറഞ്ഞു. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് പ്രതി രണ്ടുപേരുടെയും കഴുത്തറുത്തത്.

​െചാവ്വാഴ്ച ഉച്ചക്കു ശേഷമാണ് സംഭവം. കൊലപാതകങ്ങൾ നടത്തിയ ശേഷം പ്രതി രക്ഷപ്പെടുകയും ചെയ്തു. നിരവധി നഗരങ്ങളിൽ കഴിഞ്ഞ പ്രതിയെ ഒടുവിൽ ഹൽദ്വാനിയിലെ താമസ സ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊല്ലപ്പെട്ട സോണലും നിഖിലും പ്രണയത്തിലായിരുന്നു. 2023ൽ ഹൽദ്വാനിയിലെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പെട്ടെന്ന് തന്നെ സുഹൃത്തുക്കളായ ഇരുവരും അധികം വൈകാതെ ഒരുമിച്ച് ജീവിക്കാനും തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ സോണൽ ഗർഭിണിയായി. വിവാഹം കഴിക്കാത്തതും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലം ആ കുഞ്ഞിനെ വേണ്ടെന്ന് വെക്കാനാണ് രണ്ടുപേരും തീരുമാനിച്ചത്.

ഗർഭഛിദ്രത്തിനായി തീരുമാനിച്ചുവെങ്കിലും അത് നടന്നില്ല. 2024 ആദ്യത്തിൽ ആ കുഞ്ഞ് ജനിച്ചു. തുടർന്ന് രണ്ടുലക്ഷം രൂപക്ക് അൽമോറയിലെ ഒരു സംഘത്തിന് അവർ കുഞ്ഞിനെ വിൽപന നടത്തി. ഈ പണവുമായി അവർ ഡൽഹിയിലെത്തി. ആദ്യം വസീറാബാദിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് മജ്നു കാ ടില്ലയിലേക്ക് മാറി. അവിടെ വെച്ചാണ് സോണൽ രശ്മിയെ പരിചയപ്പെടുന്നത്. രശ്മിയുടെ വീട്ടിൽ സോണൽ പോകുന്നത് പതിവായി. നിഖിലുമായുള്ള ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. നിത്യവുമുള്ള വഴക്കും മറ്റ് പ്രശ്നങ്ങളും സോണലിന് മടുപ്പായി. സോണൽ നിഖിലിൽ നിന്ന് അകലാൻ വലിയ താമസമുണ്ടായില്ല.

രശ്മിയുടെ ഭർത്താവ് ദുർഗേഷുമായി സോണലി​ന് ബന്ധമുണ്ടെന്ന് നിഖിൽ സംശയിച്ചു. ഇരുവരുടെയും വാട്സ് ആപ് ചാറ്റുകൾ കണ്ട നിഖിൽ ഇത് സംബന്ധിച്ച് സോണലുമായി നിരവധി തവണ വഴക്കിട്ടു. ഈ സമയത്താണ് സോണൽ വീണ്ടും ഗർഭിണിയായത്. ഇത്തവണ കുഞ്ഞിനെ വേണമെന്നായിരുന്നു നിഖിൽ ആഗ്രഹിച്ചിരുന്നത്. എന്നാൽ നിഖിലിനോട് ഒരു വാക്കുപോലും പറയാതെ സോണൽ ഗർഭഛിദ്രം നടത്തി. ദുർഗേഷിന്റെ സഹായത്തോടെയാണ് അത് നടന്നതെന്ന് നിഖിൽ വിശ്വസിച്ചു.

അതിനു ശേഷം രശ്മിയുടെ കുടുംബത്തിനൊപ്പമായിരുന്നു സോണൽ കഴിഞ്ഞത്. എന്നാൽ സോണലിനെ മടക്കിക്കൊണ്ടുവരാൻ നിഖിൽ ശ്രമിച്ചു. സ്കൂളിൽ നിന്ന് അഞ്ചുവയസുള്ള മൂത്ത മകളെ കൂട്ടിക്കൊണ്ടു വരാനായി രശ്മിയും ദുർമേഷും പുറത്തു പോയപ്പോഴാണ് ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ നിഖിൽ ഇവർ താമസിക്കുന്ന മജ്നു കാ ടില്ലയിൽ എത്തിയത്. സോണലും രശ്മിയുടെ ആറുമാസം പ്രായമുള്ള മകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ആ വീട്ടിലെത്തിയ നിഖിലും സോണലും തമ്മിൽ വാക്തർക്കമുണ്ടായി. ഒടുവിൽ കൈയിലുണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് നിഖിൽ സോണലിന്റെ കഴുത്തറുക്കുകയായിരുന്നു. അതിനു ശേഷം ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കഴുത്തറുത്തു കൊന്നു. തന്റെ പിറക്കാതെ പോയ കുഞ്ഞിനെ കൊല്ലാൻ കൂട്ടുനിന്നതിന്റെ പ്രതികാരമായാണ് ആ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് നിഖിൽ പൊലീസിനോട് പറഞ്ഞു.

സോണലിന്റെയും കുഞ്ഞിന്റെയും കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ ഇരുവരുടെയും വായിൽ പ്ലാസ്റ്ററൊട്ടിച്ചു. അതിനു ശേഷമായിരുന്നു കൃത്യം നടത്തിയത്. കൃത്യം നടന്ന സ്ഥലത്ത് നിന്ന് ഓടിപ്പോയ പ്രതി പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോണും ഉപേക്ഷിച്ചു.

രശ്മിയും ദുർഗേഷും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. സോണലിന്റെയും കുഞ്ഞിന്റെയും രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ കണ്ട അവർ ഉടൻ പൊലീസിൽ വിവരമറിയിച്ചു. കൊലപാതകങ്ങൾ നടത്തിയ ശേഷം ആദ്യം നിഖിൽ എത്തിയത് തന്റെ താമസസ്ഥലത്താണ്. അവിടെ വെച്ച ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ അത് പരാജയപ്പെട്ടപ്പോൾ, ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് പോയി. പി​ന്നീട് ബറേലിയിലേക്ക് പോയി. അതിനു ശേഷം ഹൽദ്വാനിയിലേക്കും. അവിടെ സുഹൃത്തിന്റെ വീട്ടിൽ കഴിയവെയാണ് പൊലീസ് വലയിലാകുന്നത്.

Tags:    
News Summary - Baby was crying so he taped mouth, slit throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.