ക്വട്ടേഷൻ സംഘം
കാസർകോട്: കരാറുകാരൻ ചെർക്കള ബേർക്കയിലെ പെർളം അശ്റഫിനെ (38) കണ്ണിൽ മുളക് പൊടിയെറിഞ്ഞ് ക്വട്ടേഷൻ സംഘം വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പേരെ വിദ്യാനഗർ സി.ഐ പി .പ്രമോദും സംഘവും ചെർക്കളയിൽ നിന്ന് അറസ്റ്റ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുനത്തിൽ അശ്റഫ് (45), അൻവർ (40), റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ വർഷം ഏപ്രിൽ 11നായിരുന്നു സംഭവം.മൂവരും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു.
ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേരെ കൂടി പിടികിട്ടാനുണ്ട്. ഗോവയിലെ കരാറുകാരനും വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ ബാബ് ബശീർ എന്ന പാറ ബശീർ പറഞ്ഞത് അനുസരിച്ച് രണ്ടരലക്ഷം രൂപക്കാണ് ക്വട്ടേഷൻ എടുത്തതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട അശ്‌റഫ് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മറ്റുപ്രതികൾക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ പള്ളിയിൽ നിസ്കരിക്കാൻ പോകുമ്പോൾ ബേർക്കയിൽ വഴി തടഞ്ഞ് കണ്ണിൽ മുളക് പൊടിയെറിഞ്ഞ് മാരകായുധങ്ങളുമായി തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. കരാറുകാർ തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നതായി വിദ്യാനഗർ സിഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.