അഫ്സൽ,അജാസ്,നവാസ്,ഷഫീഖ്
കോഴിക്കോട്: പലിശത്തുക നൽകാൻ കാലതാമസം വരുത്തിയ യുവാവിനെ ഗുണ്ടാസംഘം പലിശയും പണവും ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ നാല് പ്രതികളെ ചേവായൂർ പൊലീസ് അറസ്റ്റുചെയ്തു. കണ്ണാടിക്കലിൽ ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.
കാസർകോട് സ്വദേശി യൂനസ് എന്ന യുവാവിനെ ഇന്നോവ കാറിലെത്തിയ ഗുണ്ടാസംഘം അടിച്ചുപരിക്കേൽപിച്ച് ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ പൊലീസ് ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു.
കണ്ണാടിക്കലിൽ തട്ടിക്കൊണ്ടുപോകൽ സംഭവം കണ്ട വ്യക്തി പൊലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസ് പാർട്ടിയും വാഹനം തേടി പരിശോധനക്കിറങ്ങിയാണ് പ്രതികളെ പിടികൂടിയത്.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തെത്തിയ വാഹനം പൊലീസ് തടയുകയായിരുന്നു. മാത്തറ ഈങ്ങമണ്ണ പറമ്പിൽ അഫ്സൽ (33), വട്ടക്കിണർ ചെമ്മലശ്ശേരി വയൽ യാസർ മൻസിൽ നഹാസ് (31), കൊളത്തറ പറമ്പത്ത് വീട് ഷഫീഖ് (34), ചെറുവണ്ണൂർ ഖലീഫന്റകത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതി അഫ്സലിൽനിന്ന് മാസം 10,000 രൂപക്ക് ഒരുലക്ഷം രൂപ വായ്പ വാങ്ങിയതിലെ പലിശ നൽകാൻ വൈകിയതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.