പത്തനംതിട്ട: സൈബര്‍ തട്ടിപ്പിലൂടെ കിടങ്ങന്നൂർ സ്വദേശിയായ വയോധികനില്‍നിന്ന് 45 ലക്ഷം തട്ടാനുള്ള ശ്രമം പൊളിച്ച് ബാങ്ക് അധികൃതര്‍. കിടങ്ങന്നൂർ ഫെഡറൽ ബാങ്ക് അധികൃതരുടെ ഇടപെടലിലാണ് വെർച്വൽ അറസ്റ്റിലാക്കി തുക തട്ടാനുള്ള നീക്കം പൊളിഞ്ഞത്. സംശയം തോന്നി ബാങ്ക് ഉദ്യോഗസ്ഥർ നൽകിയ വിവരമനുസരിച്ച് രംഗത്തെത്തിയ അറന്മുള പൊലീസിന്‍റെ ഇടപടലും നിർണായകമായി.
മകനെ കേസിൽ കുടുക്കാതിരിക്കാൻ പണം നൽകണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്‍റെ ആവശ്യം. പണം നൽകി കേസിൽനിന്ന് ഒഴിവായില്ലെങ്കിൽ മകന് ജയിലിൽനിന്ന് പുറത്തിറക്കാൻ കഴിയില്ലെന്നും ഇവർ ഭീഷണിപ്പെടുത്തി. ഇതിനായി ബാങ്കിലുള്ള മുഴുവൻ തുകയും തങ്ങൾ നൽകുന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും കമ്പ്യൂട്ടറിന് മുന്നിൽനിന്ന് മാറരുതെന്നും നിർദേശിച്ചു. ഇതിൽ ഭയപ്പെട്ട വയോധികർ സംഘത്തിന്‍റെ നിർദേശമനുസരിച്ചാണ് 48 മണിക്കൂറോളം പ്രവർത്തിച്ചത്.
തട്ടിപ്പുകാർ പറഞ്ഞതനുസരിച്ച് കഴിഞ്ഞദിവസം കിടങ്ങന്നൂർ ഫെഡറൽ ബാങ്കിലെത്തിയ ഇയാൾ, സ്ഥിര നിക്ഷേപം പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് ഇട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു. 45 ലക്ഷമായിരുന്നു ഇയാളുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന സ്ഥിര നിക്ഷേപം.
മകന്‍റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യണമെന്നാണ് പറഞ്ഞതെങ്കിലും വയോധികൻ നല്‍കിയ അക്കൗണ്ട് വിവരങ്ങളില്‍ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. മുംബൈയിലുള്ള ഒരു സ്വകാര്യസ്ഥാപനത്തിന്‍റെ അക്കൗണ്ടായിരുന്നു നൽകിയത്. ഇതോടെ ഇത്രയും തുക ബാങ്കിൽ ഇല്ലാത്തതിനാൽ പിൻവലിക്കാനില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ മടക്കി അടച്ചു. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി ഇയാളുടെ ഭാര്യയുമായി സംസാരിക്കുകയും പണം പിൻവലിക്കാനുള്ള നീക്കം അറിയിക്കുകയും ചെയ്തു. ബാങ്കിൽനിന്ന് തന്നെ ആറന്മുള പൊലീസിനും വിവരം കൈമാറി. തുടർന്ന് പൊലീസ് തട്ടിപ്പ് തടഞ്ഞു. സംഭവത്തിൽ സൈബർ സെൽ അന്വേഷണം തുടങ്ങി.
അടുത്തിടെ തിരുവല്ലയിലും വെർച്വൽ അറസ്റ്റിലൂടെ പണം തട്ടാൻ ശ്രമം നടന്നിരുന്നു. ഇതും ബാങ്ക് ഉദ്യോഗസ്ഥർ ഇടപെടലിലൂടെ പൊളിഞ്ഞിരുന്നു. തിരുവല്ല മഞ്ഞാടി സ്വദേശിയായ 68കാരിയെ രണ്ടുദിവസമാണ് തട്ടിപ്പ് സംഘം വിഡിയോ കാൾ വഴി വെർച്വൽ അറസ്റ്റിൽ വെച്ചത്. പിന്നാലെ തട്ടിപ്പ് സംഘത്തിന് പണം കൈമാറാൻ വീട്ടമ്മ ബാങ്കിലെത്തി.
എഫ്.ഡി പിൻവലിച്ച് തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് മാറാൻ നടപടി സ്വീകരിച്ചു. ഇതിനിടെ സംശയം തോന്നിയ ബാങ്ക് ഓഫ് ബറോഡയുടെ തിരുവല്ല ശാഖയിലെ ജീവനക്കാർ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് തട്ടിപ്പ് സംഘത്തിന്‍റെയെന്ന് മനസ്സിലാക്കുകയായിരുന്നു. 21 ലക്ഷത്തിലധികം രൂപ തട്ടാനാണ് സംഘം ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.