മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി, സെയ്ഫിന്‍റെ മകൻ ജെഹിന്റെ മുറിയിൽ പ്രവേശിക്കുകയും ഒരുകോടി രൂപ ആവശ്യപ്പെടുകയും ചെയ്തെന്ന് പരിക്കേറ്റ ജോലിക്കാരി പൊലീസിന് മൊഴി നൽകിയതായി റിപ്പോർട്ട്. സെയ്ഫിന്റെ വസതിയിൽ നഴ്സായി ജോലി ചെയ്യുന്ന 56കാരിയായ ഏലിയാമ്മ ഫിലിപ്പിന്റേതാണ് മൊഴി. തുക തരാനാകില്ലെന്ന് പറഞ്ഞതോടെ അക്രമി, കൈയിലുണ്ടായിരുന്ന വടിയും ബ്ലേഡും ഉപയോഗിച്ച് ഏലിയാമ്മയെ ആക്രമിച്ചു. കൈകളിലാണ് ഇവർക്ക് പരിക്കേറ്റത്. ശബ്ദം കേട്ട് എത്തിയ ജെഹിന്റെ നാനി, ജുനുവാണ് അപായ സൈറൺ മുഴക്കി മറ്റുള്ളവരെ വിവരമറിയിച്ചത്.
നാല് വയസ്സുകാരനായ ജെഹ് ഉറങ്ങുന്നതിനിടെയാണ് നാൽപതിനോടടുത്ത് പ്രായമുള്ളയാൾ മുറിയിലേക്ക് കയറിയത്. സൈറൺ മുഴങ്ങിയതിനു പിന്നാലെ സെയ്ഫ് ഇവിടേക്കെത്തി. പിന്നാലെ അക്രമി സെയ്ഫിന് നേർക്ക് തിരിയുകയായിരുന്നു. കഴുത്തിലും തോളിലും കൈയിലും പിന്നിലുമായി ആറ് കുത്താണ് സെയ്ഫിന് ഏറ്റത്. മറ്റൊരു ജോലിക്കാരിയായ ഗീതക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. കൂടുതൽ പേർ എത്തുന്നതിനുമുമ്പ് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ബാന്ദ്ര പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അക്രമി കെട്ടിടത്തിലെത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
നേരത്തെ അക്രമിയെ തിരിച്ചറിഞ്ഞെന്നും ഇയാൾ വീട്ടിൽ കയറിയത് ഫയർ എക്സിറ്റ് സ്റ്റെയർകേസ് വഴിയാണെന്നും മുംബൈ പൊലീസ് പ്രതികരിച്ചിരുന്നു. കവർച്ച ലക്ഷ്യമിട്ട് വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി, കെട്ടിടത്തിൽ മണിക്കൂറുകളോളം നിന്ന ശേഷമാണ് ആക്രമണം നടത്തിയത്. സ്പൈനൽ കോഡിനു സമീപത്തു വരെ ആഴത്തിൽ കുത്തേറ്റ, 54കാരനായ സെയ്ഫ് അലി ഖാൻ ശസ്ത്രക്രിയക്ക് വിധേയനായി. നിലവിൽ അദ്ദേഹം അപകടനില തരണംചെയ്തെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അക്രമി വീട്ടിൽ കയറിയ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.
അടിയന്തര ആവശ്യത്തിനായുള്ള സ്റ്റെയർകേസുവഴി 11-ാം നിലയിലെത്തിയ അക്രമി ഇവിടെ മോഷണം നടത്താനുള്ള ശ്രമം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സെയ്ഫിന് ആറ് തവണ കുത്തേറ്റതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. പിന്നാലെ സംഭവ സ്ഥലത്തുനിന്ന് ഓടിയ അക്രമിയെ തിരിച്ചറിഞ്ഞെന്നും പിടികൂടാനായി പത്ത് സംഘത്തെ രൂപവത്കരിച്ചെന്നും ഡി.സി.പി ദീക്ഷിത് ഗെതാം അറിയിച്ചു. കുത്തേറ്റ സെയ്ഫ് അലി ഖാനെ കുടുംബാംഗങ്ങളും ജോലിക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അക്രമിക്കു വേണ്ടിയുള്ള അന്വേഷണത്തിനിടെ മുപ്പതോളം സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.
കെട്ടിടത്തിലെ ആറാം നിലയിലെ ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് അക്രമിയെ തിരിച്ചറിയാനായത്. അക്രമത്തിന് രണ്ട് മണിക്കൂർ മുമ്പുള്ള ഹൗസിങ് സൊസൈറ്റിയുടെ സി.സി.ടി.വി ദൃശ്യങ്ങളിൽ, ആരും അകത്തേക്ക് പ്രവേശിക്കുന്നതായി കാണിക്കുന്നില്ല. വീട്ടുജോലിക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്. ഹൗസിങ് സൊസൈറ്റിയിൽ നവീകരണ പ്രവൃത്തികൾക്കായി എത്തിയ ജോലിക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്. അനധികൃതമായി ആരെങ്കിലും പ്രവേശിക്കുന്നതായി ഹൗസിങ് സൊസൈറ്റിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കണ്ടിട്ടില്ല. സെയ്ഫിന്റെ വീട്ടിലെത്തിയ ഫൊറൻസിക് സംഘം തെളിവെടുപ്പ് പൂർത്തിയാക്കി.
ബാന്ദ്ര വെസ്റ്റിൽ, നിരവധി ബോളിവുഡ് താരങ്ങളുടെ താമസസ്ഥലമായ 12 നില കെട്ടിടത്തിലാണ് സെയ്ഫ് അലി ഖാൻ, ഭാര്യ കരീന കപൂർ, മക്കൾ എന്നിവർ താമസിക്കുന്നത്. നാല് നിലകളിലായാണ് സെയ്ഫിന്റെ വസതി. ഇതിന്‍റെ തൊട്ടടുത്ത കെട്ടിടം വഴിയാണ് ആക്രമി കയറിയതെന്ന് പൊലീസ് പറയുന്നു. കോമ്പൗണ്ടിനകത്ത് കയറിയ അക്രമി, സ്റ്റെയർകേസ് വഴി സെയ്ഫിന്റെ വസതിയുടെ പിൻവശത്ത് എത്തി. പിന്നീട് ഫയർ എസ്കേപ്പ് വഴി അകത്ത് കടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.