അറസ്റ്റിലായ സോബിൻ, ജിഷ്ണു, അമൽ ജോസ്, മനു എന്നിവർ

അറിയപ്പെടുന്ന ഗുണ്ടാസംഘമാകാൻ ആക്രമണം; നാലു പേർ അറസ്റ്റിൽ

അടിമാലി: മാരകായുധങ്ങളുമായി അടിമാലിയിലും കല്ലാർകുട്ടി ടൗണിലും വ്യാപക ആക്രമണം നടത്തിയ നാലംഗ ഗുണ്ടാ സംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കാന്നെത്തടി മരോട്ടിക്കൽ ജിഷ്ണു (19), പാറത്തോട് തട്ടിൽ സോബിൻ (സൈമൺ 21), കാന്നെത്തടി കൂവപ്ലാക്കൽ അമൽ ജോസ് (20), മരക്കാനം തെള്ളിപ്പടവിൽ അസംസ് മനു (21) എന്നിവരെയാണ് അടിമാലി സി.ഐ. ക്ലിറ്റസ് കെ. ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പലയിടങ്ങളിലും അടിയും ആക്രമണവും ലഹരി ഇടപാടുകളും നടത്തിയിട്ടും അറിയപ്പെടാത്ത സാഹചര്യത്തിൽ ഗുണ്ടാ സംഘമായി മാറുന്നതിനാണ് ഇവർ വ്യാപക ആക്രമണം നടത്തിയതെന്നാന്ന് പൊലീസ് പറയുന്നത്. വ്യാഴാഴ്ച വടിവാളും ഇരുമ്പുവടിയും കഠാരയുമായി ഇവർ ആക്രമണം നടത്തിയിരുന്നു. അടിമാലി പൊലീസ് സ്റ്റേഷന് എതിർവശത്ത് ആർ.ടി.ഒ ഓഫീസിന് സമീപം ബേക്കറി കട നടത്തുന്ന അടിമാലി പാറക്കൽ സക്കീർ ഹുസൈൻ (34), സഹോദരൻ അലി (26), അടിമാലിയിൽ ബേക്കറി ജീവനക്കാരനും കോയമ്പത്തൂർ സ്വദേശിയുമായ സൂര്യ (29), കല്ലാർകുട്ടിയിലെ വ്യാപാരി വടക്കേക്കര ഷംനാദ് (30), കല്ലാർകുട്ടി ചക്കിയാനികുന്നേൽ അഭിജിത്ത് (22) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

തലക്ക് അടിയേറ്റും പുറത്ത് കത്തിക്ക് കുത്തിയ മുറിവുകളാണ് പരിക്കേറ്റവർക്കെല്ലാം. വടിവാളും കമ്പിവടിയും കത്തിയുമായെത്തിയ സംഘം യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച വൈകിട്ട് 5.30ന് കല്ലാർകുട്ടി ടൗണിലാണ് സംഭവ വികാസങ്ങളുടെ തുടക്കം. ചെറിയ പ്രശ്നമുണ്ടാക്കിയ ശേഷം കമ്പിവടിക്ക് തലക്ക് അടിച്ച് വീഴ്ത്തും. പിന്നീട് കത്തിക്ക് പുറത്ത് കുത്തിയിറക്കും. കല്ലാർകുട്ടിയിൽ നാട്ടുകാർ സംഘടിച്ച് നേരിട്ടതോടെ മുങ്ങിയ സംഘം പൊങ്ങിയത് അടിമാലി താലൂക്കാശുപത്രിയിലാണ്.

ആശുപത്രിയിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തി പരസ്യമായി മദ്യപിച്ചു. ജീവനക്കാരുമായി പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു. പൊലീസിനെ വിളിച്ചതോടെ സ്ഥലത്ത് നിന്നും മുങ്ങി. തുടർന്ന് സക്കീർ ഹുസൈന്‍റെ കടയിലെത്തി സിഗരറ്റ് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ പ്രകോപിതരായി ആക്രമണം നടത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്.ഐ. എം. സന്തോഷ്, ജൂനിയർ എസ്.ഐ. പ്രശോബ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എൽ. ഷാജി, ലാൽ ജോസഫ് എന്നിവരാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.