പുലിയൂർ: ഇലഞ്ഞിമേൽ വള്ളിക്കാവ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ എസ്.എൻ.ഡി.പി ബിൽഡിങ്സിൽ പ്രവർത്തിക്കുന്ന തയ്യൽക്കടയിൽ അതിക്രമിച്ചുകയറി തയ്യൽ തൊഴിലാളിയായ തോനയ്ക്കാട് കളീയ്ക്കൽ ജി. വിശ്വനാഥനെ (69) കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചതായി പരാതി. തുടർന്ന് കടക്കുള്ളിലെ തയ്യൽ മെഷീനും മറ്റ് സാമഗ്രികളും അടിച്ചുതകർത്തു.
ഗുരുതര പരിക്കേറ്റ വിശ്വനാഥനെ മാവേലിക്കര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10നാണ് സംഭവം. വള്ളിക്കാവ് ക്ഷേത്ര ജങ്ഷനിലെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് അക്രമം നടത്തിയത്.
കുട്ടികളുടെ യൂനിഫോം തയ്ക്കുന്ന തിരക്കായതിനാൽ പാൻസിന്റെ ഹുക്ക് തുന്നാൻ സമയമില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് നാട്ടുകാർ പറയുന്നു. പ്രതി സ്ഥിരമായി നാട്ടിൽ പ്രശ്നങ്ങളുണ്ടാക്കുക പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
സംഭവം സംബന്ധിച്ച് ജി. വിശ്വനാഥൻ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ലോക് താന്ത്രിക് ജനതാദൾ പുലിയൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റായ ജി. വിശ്വനാഥനെ ആക്രമിച്ച സംഭവത്തിൽ എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, പാർട്ടി ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർ. പ്രസന്നൻ, പുലിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരുൺ പേരിശ്ശേരി, സെക്രട്ടറി അജേഷ് എന്നിവർ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.