നൗഫൽ
ഇരിട്ടി: വൃക്ക സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിൽ യുവാവ് പിടിയിൽ. കീഴ്പ്പള്ളി വീര്‍പ്പാട് വേങ്ങശേരി ഹൗസില്‍ വി.എം. നൗഫലിനെയാണ് (32) ആറളം എസ്.ഐ കെ. ഷുഹൈബ് അറസ്റ്റ് ചെയ്തത്. ആയിപ്പുഴ ഫാത്തിമ മന്‍സിലില്‍ ഷാനിഫിന്റെ (30) പരാതിയിലാണ് കേസ്. ഷാനിഫിന്റെ വൃക്ക മാറ്റിവെക്കുന്നതിന് ദാതാവിനെ സംഘടിപ്പിച്ചു നല്‍കാമെന്നു പറഞ്ഞ് 2024 ഡിസംബര്‍ എട്ട് മുതല്‍ കഴിഞ്ഞ ഒക്‌ടോബര്‍ 18 വരെയുള്ള കാലയളവില്‍ ആറ് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഇയാളെ കൂടാതെ രണ്ടുപേര്‍ കൂടി തട്ടിപ്പ് സംഘത്തിലുണ്ട്.
മലപ്പുറം തിരൂര്‍ അനന്താവൂരിലെ സി. നബീല്‍ അഹമ്മദില്‍നിന്ന് അഞ്ച് ലക്ഷം രൂപയും മലപ്പുറം ചമ്രവട്ടം പെരിന്തല്ലൂരിലെ എം.വി. സുലൈമാനില്‍നിന്ന് അഞ്ച് ലക്ഷം രൂപയും കണ്ണൂര്‍ പഴയങ്ങാടി എം.കെ ഹൗസില്‍ എം.കെ. ഇബ്രാഹിമില്‍നിന്ന് 1.75 ലക്ഷം രൂപയും പാപ്പിനിശ്ശേരി മടക്കരയിലെ ഷുക്കൂര്‍ മടക്കരയില്‍നിന്ന് അഞ്ച് ലക്ഷം രൂപയും സംഘം തട്ടിയെടുത്തിട്ടുണ്ട്. നൗഫല്‍ പിടിയിലായതറിഞ്ഞ് നിരവധിപേര്‍ ആറളം പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘം സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.
ചെറുതാഴം ഏഴിലോടെ വാഴവളപ്പില്‍ മൊട്ടമ്മല്‍ ഷഫീഖിന് വൃക്ക വാഗ്ദാനം ചെയ്ത് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതി പരിയാരം പൊലീസ് സ്റ്റേഷനിലെത്തിയതിന് പിറകെയാണ് മുഖ്യപ്രതിയെ ആറളം പൊലീസ് പിടികൂടിയത്. ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ടും തട്ടിപ്പ് നടത്താറുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്.
ഫോണ്‍ ചെയ്തും വാട്‌സ്ആപ്പില്‍ സന്ദേശമയച്ചുമാണ് തങ്ങളുടെ കസ്റ്റഡിയില്‍ കിഡ്‌നി ഡോണര്‍ ഉണ്ടെന്ന് വിശ്വസിപ്പിക്കുക. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സീനിയര്‍ സി.പി.ഒ മനോജ്, സി.പി.ഒമാരായ സൗമ്യ കുര്യൻ, സജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.