തന്തൂരി ചിക്കന്‍റെ തുകയെ ചൊല്ലി തർക്കം; അഞ്ചംഗ സംഘം 30ക്കാരനെ കൊലപ്പെടുത്തി

മുംബൈ: തന്തൂരി ചിക്കന്‍റെ തുകയെ ചൊല്ലി വഴക്കിട്ടയാളെ അഞ്ചംഗ സംഘം കൊലപ്പെടുത്തി. താനെയിലെ വാഗ്ലെ എസ്റ്റേറ്റിലെ താമസക്കാരനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്യൂണുമായിരുന്ന അക്ഷയ് നർവേക്കറാണ് കൊല്ലപ്പെട്ടത്. മുളുണ്ട് മേഖലയിൽ രാത്രിയാണ് കൊലപാതകം നടന്നത്. അക്ഷയ്, സുഹൃത്ത് ആകാശ് സാബ്ലെ (30) എന്നിവർ രക്തത്തിൽ കുളിച്ചു കിടക്കുന്നതായി നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അക്ഷയ് ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. ആകാശിന്‍റെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

താനെയിലെ കിസാൻ നഗറിലെ ഒരു ഹോട്ടലിൽ തന്തൂരി ചിക്കൻ വാങ്ങാൻ അക്ഷയ്‌യും ആകാശും ഞായറാഴ്ച ഉച്ചതിരിഞ്ഞ് പോയിരുന്നു. അവിടുന്ന് പാഴ്സൽ വാങ്ങിയ ശേഷം കാഷ്യർ 200 രൂപ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇരുവരുടെയും കൈവശം പണമില്ലാതിരുന്നതിനാൽ ബില്ലടയ്ക്കാൻ കാർഡ് നൽകി. ഹോട്ടലിൽ ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് സ്വൈപ്പ് മെഷീൻ ഇല്ല. അതിനാൽ ഹോട്ടൽ ജീവനക്കാർ അവരോട് പണം നൽകാൻ പറഞ്ഞു. തർക്കത്തിനിടെ ഇരുവരും തങ്ങളുടെ ബിസിനസ് അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കുറച്ച് സമയത്തിന് ശേഷം പ്രതികളിലൊരാൾ മുളുണ്ടിലെ മറ്റൊരു കടയ്ക്ക് സമീപം അക്ഷയ്‌യോട് വരാൻ ആവശ്യപ്പെട്ടു. തർക്കം തുടരുന്നതിനിടെ ഇരുമ്പ് ദണ്ഡുകളും മറ്റ് ആയുധങ്ങളുമായി മൂന്ന് പേരും കൂടി സ്ഥലത്തെത്തി. തുടർന്ന് അഞ്ച് പേർ ചേർന്ന് അക്ഷയിനെയും ആകാശിനെയും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും വയറ്റിൽ കുത്തുകയുമായിരുന്നു. സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ച് മണിക്കൂറുകൾക്കകം പ്രതികളെ പൊലീസ് കണ്ടെത്തി. താനെ സ്വദേശികളായ ഇമ്രാൻ ഖാൻ (27), സലിം ഖാൻ (29), മുളുണ്ട് സ്വദേശികളായ ഫാറൂഖ് ഭഗവാൻ (38), നൗഷാദ് ഭഗവാൻ (35), അബ്ദുൾ ഭഗവാൻ (40) എന്നിവരാണ് അറസ്റ്റിലായത്. ഐ.പി.സി 302 (കൊലപാതകം),307 (വധശ്രമം), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതി ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ അന്വേണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Argument over price of tandoori chicken; A group of five killed 30 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.