കുടിവെള്ള കുപ്പിയിൽ കടത്തിയ ചാരായം പിടികൂടി

അഗളി: അട്ടപ്പാടി മല്ലീശ്വരൻമുടി ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് എക്‌സൈസ് റേഞ്ച് ഓഫിസർമാർ നടത്തിയ റെയ്ഡിൽ കള്ളമല വില്ലേജിൽ താഴെകക്കുപ്പടി ഊരിലും സമീപപ്രദേശങ്ങളിലും കുടിവെള്ള കുപ്പിയിൽ ചാരായം കണ്ടെത്തി.

കുടിവെള്ളമെന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ് കുപ്പികളിൽ ചാരായം നിറച്ചിരുന്നത്. ഇത്തരത്തിൽ 500 മില്ലിലിറ്ററിന്റെ 72 കുപ്പികളിലായി 36 ലിറ്റർ ചാരായമാണ് കണ്ടെടുത്തത്. ഇതിനു പുറമെ പാടവയൽ വില്ലേജിൽ പൊട്ടിക്കൽ ഊരിലെ വിവിധ സ്ഥലങ്ങളിൽനിന്നായി ബാരലുകളിൽ നിറച്ച 500 ലിറ്റർ വാഷ്, ആറുലിറ്റർ ചാരായം, ബാരലിലും പ്ലാസ്റ്റിക് കുടങ്ങളിലുമായി 554 ലിറ്റർ വാഷ്, ഒമ്പത് ലിറ്റർ ചാരായം എന്നിവയും കണ്ടെടുത്തു. ആകെ 1054 ലിറ്റർ വാഷും 51 ലിറ്റർ ചാരായവുമാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ഉടമസ്ഥൻ ഇല്ലാത്ത നിലയിലാണ് ഇവ കണ്ടെത്തിയത്.

അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് അധികൃതർ അറിയിച്ചു. അഗളി റേഞ്ചിലെ പ്രിവന്റിവ് ഓഫിസർമാരായ പി.കെ. കൃഷ്ണദാസ്, ജെ.ആർ. അജിത്ത്, അസി. എക്സൈസ് ഇൻസ്പെക്ടർ ആർ. രജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ വി. പ്രേംകുമാർ, എ.കെ. രജീഷ്, ആർ. പ്രദീപ്, വനിത സി.ഇ.ഒ.എം ഉമാ രാജേശ്വരി, ഡ്രൈവർ ടി.എസ്. ഷാജിർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.  

Tags:    
News Summary - arack on a drinking water bottle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.