ഛത്തീസ്ഗഡിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ബജ്റംഗ്ദൾ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു

റായ്പൂർ: ഛത്തീസ്ഗഡിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ബജ്റംഗ്ദൾ ആക്രമണം. മതപരിവർത്തനം ആരോപിച്ച് സുവിശേഷ പ്രസംഗകരെ ദുർഗിലെ ഷിലോ പ്രെയർ ടവറിലെത്തി ആക്രമിക്കുകയായിരുന്നു. ജ്യോതി ശർമയുടെ നേതൃത്വത്തിലുള്ള ബജ്റംഗ്ദൾ പ്രവർത്തരാണ് ആക്രമിച്ചതെന്ന് പരാതിക്കാർ പറഞ്ഞു. പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു. പൊലീസ് എത്തിയാണ് അക്രമികളെ നീക്കിയതെന്നും പ്രാർഥനക്ക് എത്തിയവർ പറയുന്നു. 

അതേസമയം, മതപരിവർത്തനം നടത്തുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്നും ഇത് അന്വേഷിക്കാൻ ചെന്ന സ്ത്രീകൾ അടക്കമുള്ള പ്രവർത്തകരെ അക്രമിച്ചെന്നും ബജ്റംഗ്ദൾ നേതാക്കൾ പറഞ്ഞു. ഇരുവിഭാഗത്തിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തിസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായത് വലിയ വിവാദമായിരുന്നു. സംഭവം ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയെങ്കിലും ക്രൈസ്തവർക്ക് നേരെ ഛത്തിസ്ഗഡിൽ സമാനമായ ആക്രമണങ്ങൾ തുടർന്നു.

ഛത്തീസ്ഗഡിന് പിന്നാലെ ഒഡീഷയിലും ക്രൈസ്തവ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ആക്രമണമുണ്ടായി. ആഴ്ചകൾക്ക് മുൻപാണ് ഒഡിഷയിൽ രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളും ആക്രമണത്തിന് ഇരയായത്.

രണ്ട് കത്തോലിക്കാ വിശ്വാസികളുടെ രണ്ടാം ചരമ വാർഷികത്തിൽ പ്രാർഥനക്കെത്തിയ ജലേശ്വർ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോർ രൂപതയിലെ ജോഡ ഇടവക വികാരി ഫാ. വി. ജോജോയുമാണ് ആക്രമണത്തിനിരയായ വൈദികർ.

ബി.ജെ.ഡി ഭരണം അവസാനിച്ചുവെന്നും ഇപ്പോൾ ബി.ജെ.പി ഭരണമാണെന്നും ആരെയും ക്രിസ്ത്യാനികളാക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞാണ് ആക്രമണം നടത്തിയതെന്ന് വൈദികർ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവരുടെ മുന്നിൽവെച്ചും ആക്രമണം തുടരുകയായിരുന്നു.

Tags:    
News Summary - Another attack on Christians in Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.