ബേപ്പൂർ: നടുവട്ടം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലെ ഇടശ്ശേരി പറമ്പ് കാടക്കണ്ടി ശിവരാമന്റെ വീട്ടിൽനിന്ന് 36 പവൻ സ്വർണം കവർന്ന യുവതി അറസ്റ്റിൽ. വീട്ടുടമയുടെ മകൻ അമൃതേഷിന്റെ ഭാര്യ ഗായത്രിയുടെ സുഹൃത്തും സഹപാഠിയുമായ ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി സൗജന്യയാണ് (25) പിടിയിലായത്. കഴിഞ്ഞ മേയ്-ജൂലൈ മാസത്തിനിടയിലാണ് സൗജന്യ കൂട്ടുകാരിയുടെ വീട്ടിൽനിന്ന് സ്വർണം അപഹരിച്ചത്. ഇരുവരും ബംഗളൂരുവിലെ സ്വകാര്യ കോളജിൽ എം.എസ്.സി സൈക്കോളജി വിദ്യാർഥികളാണ്.
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പ്രോജക്ട് തയാറാക്കുന്നതിനുവേണ്ടി യുവതി കുറച്ചുദിവസം ഇവരുടെ വീട്ടിൽ താമസിച്ചിരുന്നു. സ്വർണം നഷ്ടപ്പെട്ട വിവരം ആഗസ്റ്റ് മാസത്തിലാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ബേപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ വെള്ളിയാഴ്ച മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സ്വർണം വിജയവാഡയിലും ബംഗളൂരുവിലും സ്വകാര്യ ബാങ്കുകളിൽ പണയം വെച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബേപ്പൂർ പൊലീസ് ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടി.ടി. നൗഷാദ്, എ.എസ്.ഐ ദീപ്തി ലാൽ, ശിൽപ, ഉമാദേവി എന്നിവരോടൊപ്പം ഫറോക്ക് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.