സുജാതയുടെ തകർക്കപ്പെട്ട വീടിന്റെ മുൻവശം
അടൂർ: ഗുണ്ടസംഘങ്ങളുടെ കുടിപ്പകയെത്തുടർന്നാണ് ഏനാദിമംഗലം മാരൂരിൽ വീടു കയറി ആക്രമണം ഉണ്ടായതും വീട്ടമ്മ മരിക്കാൻ ഇടയായതും. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഏനാദിമംഗലം മാരൂർ വടക്കേ ചരുവിൽ പരേതനായ ബാഹുലേയന്റെ ഭാര്യ സുജാതക്ക് (55) ശസ്ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. തലയോട്ടിക്ക് രണ്ടിടത്ത് പൊട്ടൽ സംഭവിച്ചതിനെത്തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ടുതവണ സുജാതക്ക് ഹൃദയാഘാതം ഉണ്ടായി. വെന്റിലേറ്ററിൽ കഴിയുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആക്രമണങ്ങൾ നടന്നത് അടൂർ, ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധികളിലാണ്. ആക്രമണസംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി അറിയുന്നു. സുജാതയുടെ മക്കളും ഗുണ്ടത്തലവന്മാരുമായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരെ തേടിയെത്തിയ സംഘം ഞായറാഴ്ച രാത്രിയാണ് വീട് അടിച്ചുതകർത്തത്. തടയാൻ ചെന്ന സുജാതയെ ഇരുമ്പുകമ്പി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. കല്ലേറിൽ വാരിയെല്ലിനും പരിക്കേറ്റു. അക്രമിസംഘത്തെ കണ്ട് പിൻവാതിലിലൂടെ സൂര്യലാലും ചന്ദ്രലാലും ഓടി മറഞ്ഞിരുന്നു. സൂര്യലാലിനെ അടൂർ സ്റ്റേഷനിൽനിന്ന് കാപ്പ ചുമത്തി നാടുകടത്തിയതാണ്. 2022 ആഗസ്റ്റിൽ അടൂർ പൊലീസ് സുജാതയെ രണ്ടേകാൽ കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. മുമ്പ് ചാരായം വിൽപന നടത്തിയതിന് നിരവധി തവണ കേസെടുത്തിട്ടുണ്ട്.
കുറുമ്പകര മുളയങ്കോട് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം. ശരൺ, സന്ധ്യ എന്നീ അയൽവാസികൾ തമ്മിൽ വസ്തുസംബന്ധമായ തർക്കം നിലനിന്നിരുന്നു. സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളും ഗുണ്ടകളുമായ മാരൂർ ഒഴുകുപാറ സ്വദേശി സൂര്യലാൽ, അനുജൻ ചന്ദ്രലാൽ എന്നിവർ ചേർന്ന് ശരണിനെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ചു.
ആക്രമിക്കപ്പെട്ട ശരണും സംഘവും ഞായറാഴ്ച രാത്രി 11ഓടെ സൂര്യലാലിന്റെ വീടുകയറി ആക്രമിച്ചു. ശങ്കു, ചുട്ടി എന്ന് വിളിക്കുന്ന ശരത്, കൊച്ചുകുട്ടൻ, ശരൺ എന്നിവരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു. അക്രമി സംഘം വീട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ വാരി കിണറ്റിലിട്ടു. വീടും അടിച്ചു തകർത്തു. പിഗ്ബുൾ ഇനത്തിൽപെട്ട നായയെയും ആക്രമിച്ചു. അടൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഈ പ്രദേശം. ആദ്യം ആക്രമിക്കപ്പെട്ട ശരണിന്റെ വീട് ഏനാത്ത് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ്. രണ്ട് സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.