മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർമാർ പിടികൂടിയ ബൈക്ക്
മലപ്പുറം: ഇരുചക്ര വാഹനങ്ങൾ അപകടകരമായ രീതിയിൽ ഓടിച്ചും റൈസിങ് പോലുള്ള അഭ്യാസപ്രകടനങ്ങൾ നടത്തിയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട് ഹരം കണ്ടെത്തുന്നവർക്കെതിരെ കടുത്ത നടപടിയുമായി പൊലീസും മോട്ടോർ വാഹന വകുപ്പും. ഇത്തരത്തിൽ അഭ്യാസം നടത്തുന്ന വാഹനങ്ങളുടെ ആർ.സി ഉടമകൾക്കെതിരെയും വാഹനം ഓടിച്ചവർക്കെതിരെയും കേസെടുക്കുകയും ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികളും ഉദ്യോഗസ്ഥർ എടുത്തിട്ടുണ്ട്.
ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം പൊലീസും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി 'ഓപറേഷൻ ബൈക്ക് സ്റ്റെണ്ട്' എന്ന പേരിൽ ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് വാഹനങ്ങൾക്കെതിരെ നടപടിയെടുത്തത്. അപകടകരമായ രീതിയിൽ റൈസിങ് നടത്തിയതിന് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഇരുചക്ര വാഹനങ്ങൾ മോടി കൂട്ടിയതിന് 13 കേസും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് മൂന്ന് കേസും ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 16 കേസുകളും രജിസ്റ്റർ ചെയ്തു.
ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചതിനും മൂന്ന് പേരെ കയറ്റി ഇരുചക്ര വാഹനം ഓടിച്ചതിനും നടപടി എടുത്തിട്ടുണ്ട്. 28 കേസുകളിലായി 77,000 രൂപ പിഴ ചുമത്തി. കടുത്ത നിയമലംഘനം നടത്തിയ രണ്ടുപേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നത് ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരാണ് കുടുങ്ങിയവരിലധികവും. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിഡിയോയിലെ വാഹനങ്ങളുടെ നമ്പറുകൾ മനസ്സിലാക്കി ഉടമകളുടെ വീട്ടിൽ നേരിട്ടെത്തിയാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
ഓപറേഷൻ തല്ലുമാലയുടെ ഭാഗമായി നൂറോളം ബൈക്കുകൾ പിടിച്ചെടുത്തു
കുറ്റിപ്പുറം: ഓപറേഷൻ തല്ലുമാലയുടെ ഭാഗമായി നൂറോളം ബൈക്കുകൾ പിടിച്ചെടുത്തു. രണ്ടു ദിവസമായി തുടരുന്ന പ്രത്യേക പരിശോധനയിൽ മോട്ടോർ വാഹനനിയമം ലംഘിക്കുന്ന വിദ്യാർഥികളുടെ വാഹനമാണ് കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തത്. ലൈസൻസില്ലാതെയും മൂന്നുപേരെ വെച്ചും ഹെൽമറ്റ്, കണ്ണാടി എന്നിവയില്ലാതെയും യാത്ര ചെയ്ത വാഹനമാണ് പിടിച്ചെടുത്തത്.
രക്ഷിതാക്കൾ എത്തിയ ശേഷമാണ് വാഹനം വിട്ടുകൊടുക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങൾ കൂടാതെ കുട്ടികൾ സംഘം ചേർന്ന് സംഘർഷമുണ്ടാക്കുന്നതും ശ്രദ്ധയിൽ പെട്ടതോടെയാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടപടി തുടങ്ങിയത്. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ മെക്കാനിക് സ്റ്റേഷനിലെത്തി പൂർവസ്ഥിതിയിലാക്കിയ ശേഷമാണ് വിട്ടത്.
സ്കൂൾ പി.ടി.എയുടെകൂടി സഹകരണത്തോടെ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.ഐ ശശീന്ദ്രൻ മേലെയിൽ അറിയിച്ചു. എസ്.ഐമാരായ വിജയകുമാരൻ, സജീഷ്, വാസുണ്ണി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
കുട്ടി റൈഡർമാരുടെ 35 ബൈക്കുകൾ പിടിച്ചെടുത്തു
പാണ്ടിക്കാട്: 'ഓപറേഷൻ തല്ലുമാല'യുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ പാണ്ടിക്കാട് സ്റ്റേഷൻ പരിധിയിലെ സ്കൂൾ പരിസരങ്ങളിൽനിന്ന് പിടികൂടിയത് കുട്ടി റൈഡർമാരുടെ 35ഓളം ബൈക്കുകൾ. 22 കേസുകൾ രജിസ്റ്റർ ചെയ്തു. 18 വയസ്സ് പൂർത്തിയായ വിദ്യാർഥികൾക്കെതിരെയും പ്രായപൂർത്തിയാവാത്ത കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെയും വാഹന ഉടമകൾക്കെതിരെയുമാണ് കേസെടുത്തത്.
നിയമലംഘനങ്ങൾ നടത്തി ഓടിക്കുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിന് പാണ്ടിക്കാട് പൊലീസ് സ്കൂളുകളിൽ നടത്തിയ സ്പെഷൽ ഓപറേഷനിലൂടെയാണ് ബൈക്കുകൾ പിടിച്ചെടുത്തത്. ലൈസൻസ് ഇല്ലാത്ത കുട്ടികൾ സ്കൂളുകളിലേക്ക് വാഹനമോടിച്ച് എത്തുന്നത് പതിവായതോടെയാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാണ്ടിക്കാട് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ ഓപറേഷൻ തല്ലുമാല എന്ന പേരിൽ റെയ്ഡ് നടത്തിയത്. സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കുമെന്നും പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് ബൈക്ക് നൽകിയ മാതാപിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പാണ്ടിക്കാട് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.