എ.ടി. മുഹമ്മദ് നൗഷാദ്
കാസർകോട്: കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓൺലൈൻ തട്ടിപ്പുകേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി എ.ടി. മുഹമ്മദ് നൗഷാദാണ് (45) ജില്ല പൊലീസിന്റെ പിടിയിലായത്. 2024 ജൂൺ എട്ടിന് രണ്ടു കോടിയിലധികം രൂപ ഓൺലൈൻ തട്ടിപ്പ് നടത്തിയ കേസിൽ കാസർകോട് സൈബർ ക്രൈം രജിസ്റ്റർ ചെയ്തിരുന്ന കേസിൽ ക്രൈം ബ്രാഞ്ചായിരുന്നു അന്വേഷണം നടത്തിയിരുന്നത്. കാസർകോട്ടെ ഡോക്ടറെ മേയ് 17 മുതൽ ജൂൺ നാലുവരെ വിവിധ ദിവസങ്ങളിലായി ടെലിഗ്രാം വഴിയും ഫോൺവഴിയും ബന്ധപ്പെട്ട് ഹോം ബേസ്ഡ് പാർട്ട് ടൈം ജോലി വാഗ്ദാനംചെയ്ത് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് 2,23,94,993 രൂപ അയപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. ഈ കേസിൽ ഉൾപ്പെട്ട സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളെയാണ് കാസർകോട് സൈബർ പൊലീസിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തത്.
ടെലിഗ്രാം വഴി ഓൺലൈൻ ട്രേഡിങ്ങിലൂടെ അമിതലാഭം വാഗ്ദാനം ചെയ്താണ് ഇയാൾ ഇരകളെ വീഴ്ത്തുന്നത്. എറണാകുളം ഇൻഫോപാർക് പൊലീസ് സ്റ്റേഷനിൽ 2024ൽ മുംബൈ പൊലീസ് ചമഞ്ഞ് വിഡിയോ കാൾ ചെയ്ത് ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിലെ പ്രതിയുമാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. പയ്യന്നൂർ സ്റ്റേഷനിൽ സമാന കേസുകളിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതും കണ്ണൂർ പെരിങ്ങോം പൊലീസ് സ്റ്റേഷൻ, കാസർകോട് കുമ്പള പൊലീസ് സ്റ്റേഷനുകളിലായി പണം തട്ടിപ്പുകേസുകളിലും പ്രതിയായ ഇയാൾ മറ്റു രാജ്യങ്ങൾ കേന്ദ്രീകരിച്ചും ഓൺലൈൻ തട്ടിപ്പ് നടത്തുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഉത്തരേന്ത്യൻ സൈബർ തട്ടിപ്പുസംഘവുമായി ബന്ധമുള്ള ഇയാൾ കേരളത്തിലും പുറത്തുമായി മുങ്ങിനടക്കുകയായിരുന്നു. സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ബുധനാഴ്ച ഉച്ചക്ക് മാങ്ങാടുവെച്ചാണ് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി ഡി. ശില്പയുടെ നിർദേശപ്രകാരം ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.വി. ശ്രീദാസ്, എ.എസ്.ഐമാരായ കെ. പ്രശാന്ത്, പി.കെ. രഞ്ജിത് കുമാർ, എം. നാരായണൻ, എം. ദിലീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വൈദ്യപരിശോധനക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.