മരിച്ച ജെൻസൺ എന്ന പീറ്റർ, പ്രതി അനൂപ്
കൊല്ലം: മദ്യപിക്കുന്നതിനിടെ വാക്ക് തർക്കത്തിനൊടുവിൽ സുഹൃത്തിനെ കൊലപ്പെടുത്തുകയും മൂന്നുപേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. ശിക്ഷ ചൊവ്വാഴ്ച വിധിക്കും. ആലപ്പുഴ അമ്പലപ്പുഴ മണ്ണാഞ്ചേരി മുറിയാക്കൽ വീട്ടിൽ അനൂപിനെയാണ് (35) കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജ് സി.എം. സീമ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ആലപ്പുഴ ചേർത്തല തുറവൂർ പള്ളിത്തോട് കരയിൽ കളത്തിൽ വീട്ടിൽ ജോസഫിന്റെ മകൻ പീറ്റർ (ജൻസൺ) ആണ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര പടിഞ്ഞാറെതെരുവിൽ സജിവിലാസം വീട്ടിൽ അജി, ചേർത്തല കുത്തിയതോട് പള്ളിത്തോട് പരുത്തി വീട്ടിൽ ബെൻസിലാൽ, പട്ടാഴി വടക്കേക്കര ഏറത്ത് വടക്ക് അഖിൽ നിവാസിൽ അരുൺരാജ് എന്നിവർക്കാണ് പരിക്കേറ്റത്.
2016 ഓഗസ്റ്റ് 20നായിരുന്നു കേസിനാസ്പദമായ സംഭവം. പട്ടാഴിയിൽ ടൈൽസ് വർക്ക് കരാറുകരനായ ശിവൻകുട്ടി എന്നയാളിന്റെ തൊഴിലാളികളായിരുന്നു പ്രതിയും മരണപ്പെട്ടയാളും പരിക്കേറ്റവരും. ശിവൻകുട്ടി എടുത്തു നൽകിയ വീട്ടിലായിരുന്നു എല്ലാവരും താമസിച്ചിരുന്നത്. സംഭവ ദിവസം രാത്രി 10ഓടെ അഞ്ചുപേരും ചേർന്ന് മദ്യപിക്കുകയും കാരംസ് കളിക്കുകയും ചെയ്യുന്നതിനിടെ അനൂപിന് ഫോൺ വന്നു. ഫോൺ അറ്റൻഡ് ചെയ്യുന്നതിനായി അനൂപ് മറ്റുള്ളവരോട് വീടിനു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിനെ തുടർന്ന് ബാഗിനുള്ളിൽ സൂക്ഷിച്ച കത്തിയെടുത്ത് അജിയുടെ നെഞ്ചിൽ കുത്തി.
തടസ്സം പിടിക്കാനെത്തിയ ജെൻസൺ, അരുൺരാജ്, ബെൻസിലാൽ എന്നിവരെയും കുത്തി. നാലു പേരെയും അടൂർ താലൂക്ക് ആശുപത്രിയിലും, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലിരിക്കെ 2016 ഓഗസ്റ്റ് 24ന് ജെൻസൺ മരിച്ചു. പത്തനാപുരം സബ് ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രൻ രജിസ്റ്റർ ചെയ്ത കേസിൽ സർക്കിൾ ഇൻസ്പെക്ടർ റജി വർഗീസ് അന്വേഷണം നടത്തി സർക്കിൾ ഇൻസ്പെക്ടർ ബിനു വർഗീസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.