കൊട്ടാരക്കര: പീഡന കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ വർഷങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ നിന്നും കൊട്ടാരക്കര പൊലീസ് സാഹസികമായി പിടികൂടി. 2019 ൽ കൊട്ടാരക്കര സ്റ്റേഷൻ അതിർത്തിയിലെ ഒരു വീട്ടിൽ കമ്പിളി പുതപ്പ് വിൽക്കാനാണെന്ന വ്യാജേനയെത്തി വീട്ടിൽ അതിക്രമിച്ചുകയറി. തുടർന്ന് വീട്ടിൽ ഒറ്റക്കുണ്ടായിരുന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഈകേസിൽ ഉത്തർപ്രദേശ് സാമ്പൽ ജില്ല മാനേപൂരിൽനിന്നാണ് പ്രതിയായ നൂർ മുഹമ്മദിനെ (30) പിടികൂടിയത്.
സ്ത്രീയെ പീഡിപിച്ച കേസിൽ കോടതി അഞ്ചുവർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് അപ്പീൽ ജാമ്യത്തിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ മൂന്നുവർഷത്തിൽ അധികമായി ഒളിവിലായിരുന്ന പ്രതി. ഇയാൾക്കെതിരെ കോടതി അറസ്റ്റ് വാറന്റ് ഉത്തരവ് ഇറക്കിയിരുന്നു. പക്ഷേ, പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രതിയെ കണ്ടെത്തുന്നതിലേക്ക് കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
പ്രതിയുടെ ഉത്തർപ്രദേശിലെ വിലാസത്തിലുള്ള വീട്ടിൽ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സാമ്പൽ ജില്ലയിലെ ഉൾഗ്രാമമായ ഗിനൗർ എന്ന സ്ഥലത്തെ ചേരിയിൽനിന്നും അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പിടികൂടിയത് അറിഞ്ഞ് ഗ്രാമവാസികൾ പൊലീസ് സംഘത്തെ തടഞ്ഞുവെച്ചിരുന്നു. തുടർന്ന് പ്രാദേശിക പൊലീസിന്റെ സഹായത്തോടെ സാഹസികമായി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊട്ടാരക്കര എസ്.ഐ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ശ്യാം കൃഷ്ണൻ, അരുൺ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാട്ടിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.