അങ്കമാലി: ചികിത്സയിൽ കഴിയുന്ന അമ്മയെ പരിചരിക്കാനെത്തിയ യുവതിയെ ആശുപത്രിയിൽ അതിക്രമിച്ചു കയറി കുത്തിക്കൊന്നു. അങ്കമാലി മഞ്ഞപ്ര സ്വദേശിനി ലിജി രാജേഷാണ് (40) കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 2.30ഓടെ മൂക്കന്നൂരിലെ എം.എ.ജി.ജെ ആശുപത്രിയിൽ രോഗികളും ജീവനക്കാരും നോക്കിനിൽക്കെയായിരുന്നു സംഭവം. പ്രതി ആലുവ സ്വദേശി മഹേഷ് പിടിയിലായിട്ടുണ്ട്.
ലിജിയുടെ അമ്മ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൂട്ടിരിപ്പിനെത്തിയ ലിജി ആശുപത്രിയിലെ നാലാം നിലയിലെ മുറിയിൽ വിശ്രമിക്കുന്നതിനിടെ പ്രതി മുറിയിൽ അതിക്രമിച്ചു കയറി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇതോടെ മുറിയിൽനിന്ന് പുറത്തേക്കോടിയ ലിജിയെ പ്രതി പിന്തുടർന്ന് പിടികൂടുകയും ആശുപത്രി വരാന്തയിൽ വെച്ച് പലതവണ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ആശുപത്രി ജീവനക്കാർ അറിയിച്ച പ്രകാരം അങ്കമാലി പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ആശുപത്രിയിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതി ലിജിയുടെ മുൻ സുഹൃത്താണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. ലിജിയുടെ ഭർത്താവ് രാജേഷ് ഗൾഫിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.