മാനന്തവാടി: ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിനെതിരെ തിരുനെല്ലി പൊലീസ് കേസെടുത്തു. പനവല്ലി സ്വദേശി അജീഷിന് (31) എതിരെയാണ് കേസെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു. പട്ടികവർഗ അതിക്രമം തടയൽ പ്രത്യേക വകുപ്പു പ്രകാരവും ബലാത്സംഗത്തിനുമാണ് കേസെടുത്തത്. മാനന്തവാടി ഡിവൈ.എസ്.പി പി.എൽ. ഷൈജുവാണ് കേസ് അന്വേഷിക്കുന്നത്.
ഈ മാസം നാലിനാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അജീഷ് 31കാരിയുടെ വീട്ടിലെത്തി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ആ ദിവസം ഇവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രക്തസ്രാവത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ അയൽവാസികളുടെ സഹായത്തോടെ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അജീഷ് തന്നെയാണ് ആശുപത്രിയിൽ കൂട്ടിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്. ഇതോടെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ശനിയാഴ്ച പൊലീസ് ആശുപത്രിയിലെത്തി കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് മടങ്ങി. താൻ ആശുപത്രിയിലായത് അജീഷ് ബലാത്സംഗം ചെയ്തതിനാലാണെന്നാണ് യുവതി തിങ്കളാഴ്ച നൽകിയ പരാതിയിലുള്ളത്. കുടുംബക്കാർ കൂടെ ഇല്ലാതിരുന്നതിനാലും അജീഷിന്റെ സമ്മർദത്താലും തനിക്ക് ഇതു പറയാൻ കഴിഞ്ഞില്ലെന്നും ഇക്കാര്യത്തിൽ പരാതിയുണ്ടെന്നുമാണ് യുവതി പൊലീസിനെ അറിയിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ യുവതിയെ ആശുപത്രിയിൽനിന്ന് വിടുതൽ ചെയ്യാൻ ബന്ധുക്കൾ എത്തിയപ്പോൾ ‘പോരാട്ടം’ പ്രവർത്തകർ ഇടപെട്ടു. ആശുപത്രി പരിസരത്ത് ബഹളമുണ്ടായതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് അജീഷിനെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.