ഗാന്ധിനഗർ: കുടിശ്ശികയുള്ള ശമ്പളം ചോദിച്ച ദലിത് യുവാവിനെ മർദിക്കുകയും ചെരിപ്പ് വായിലിടാൻ നിർബന്ധിക്കുകയും ചെയ്തെന്ന പരാതിയിൽ സ്വകാര്യ കമ്പനി ഉടമയായ യുവതിക്കും ആറുപേർക്കുമെതിരെ കേസ്. ഗുജറാത്തിലെ മോർബിയിലാണ് സംഭവം. രാനിബ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ വിബുത്തി പട്ടേലിനും ആറുപേർക്കുമെതിരെയാണ് കേസ്.
നിലേഷ് ദൽസാനിയ എന്ന 21കാരനാണ് മർദനത്തിനും അവഹേളനത്തിനും ഇരയായത്. കഴിഞ്ഞ ഒക്ടോബർ 18ന് കമ്പനി നിലേഷിന്റെ കരാർ അവസാനിപ്പിച്ചിരുന്നു. ഒക്ടോബറിലെ അതുവരെയുള്ള ശമ്പളം ആവശ്യപ്പെട്ട് വിളിച്ചപ്പോൾ വിബുത്തി പട്ടേൽ കൃത്യമായ മറുപടി നൽകിയില്ല. ഇതോടെയാണ് ബുധനാഴ്ച വൈകീട്ട് നിലേഷ് സഹോദരനും അയൽക്കാരനുമൊപ്പം കമ്പനിയിലെത്തിയത്.
ഇതോടെ വിബുത്തിയുടെ സഹോദരനും മറ്റു ചിലരും ചേർന്ന് ഇവരെ മർദിക്കുകയായിരുന്നെന്നും യുവതിയും ഇതിൽ പങ്കാളിയായെന്നും നിലേഷിനോട് അവരുടെ ചെരിപ്പ് വായിലിട്ട് ശമ്പളം ചോദിച്ചതിന് മാപ്പ് പറയാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ നിലേഷിനെ മോർബി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.