പിടിയിലായ പ്രതികൾ
ശാസ്താംകോട്ട: യുവാവിനെ ഗുരുതരമായി ദേഹോപദ്രവമേൽപ്പിച്ച കേസിലെ പ്രതികളായ മൂന്നുപേരെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസിലെ പ്രതികളായ ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുളയ്ക്കൽ തെക്കതിൽ ബാദുഷ (29), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ പീഠിക്കലഴികത്ത് വീട്ടിൽ അതുൽരാജ് എന്ന കെ.പി. കണ്ണൻ (27), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ പ്രീമാ ഭവനത്തിൽ മൊട്ടാസ് എന്ന പ്രിഥിൻ രാജൻ (29) എന്നിവരാണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്.
ഈ മാസം എട്ടിന് ശാസ്താംകോട്ട വിജയാ ബാറിൽവച്ച് ഒന്നാം പ്രതി ബാദുഷയെ ചീത്ത വിളിച്ചത് ദേഹോപദ്രവമേറ്റ യുവാവാണെന്ന് തെറ്റിദ്ധരിച്ചാണ് ഉപദ്രവിച്ചത്. പ്രതികൾ പാറക്കല്ലു കൊണ്ട് യുവാവിന്റെ ഇടതുകണ്ണിന് താഴെ ഇടിച്ചും നിലത്തിട്ട് ചവിട്ടിയും തലക്കടിച്ചുമാണ് ഗുരുതര പരിക്കേൽപ്പിച്ചത്. ഒന്നാം പ്രതി ബാദുഷ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ ആക്ട് പ്രകാരം ജയിൽവാസം അനുഭവിച്ചയാളുമാണ്. രണ്ടും മൂന്നും പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
കൃത്യത്തിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ഇനി അഞ്ചുപ്രതികളെ പിടികൂടാനുള്ളതായി ശാസ്താംകോട്ട എസ്.എച്ച്.ഒ കെ. ശ്രീജിത്ത് പറഞ്ഞു. കൃത്യത്തിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതികളെ പ്രതികളുടെ മറ്റൊരു സുഹൃത്ത് വഴി ശാസ്താംകോട്ടയിലേക്ക് വിളിച്ചുവരുത്തി തന്ത്രപൂർവം അറസ്റ്റ് ചെയ്യുകയായിരുന്നു. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ അലക്സാണ്ടർ, ഷൺമുഖദാസ്, അരുൺകുമാർ, രാകേഷ്, പത്മകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഈ പ്രതികൾക്കെതിരേ ഗുണ്ടാ ആക്ട് പ്രകാരം കരുതൽ തടങ്കൽ നടപടികൾ, മുൻകേസുകളിലെ ജാമ്യം റദ്ദാക്കൽ തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കുമെന്നും ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.