മുംബൈ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് പുരുഷൻമാരിൽ നിന്ന് പണം തട്ടിയ 21 പേരടങ്ങുന്ന സംഘം അറസ്റ്റിൽ. 15 പുരുഷൻമാരും 6 സ്ത്രീകളുമാണ് സംഘത്തിൽ ഉള്ളത്. പ്രതികൾ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ വ്യാജ ബില്ലുകൾ കാണിച്ച് ആളുകളെ കബളിപ്പിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.
ഒരു വായ്പാ തിരിച്ചടവ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന പരാതിക്കാരനായ 26 വയസ്സുകാരൻ നൽകുന്ന വിവരമനുസരിച്ച് ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ദിശ ശർമ എന്ന സ്ത്രീയെ കാണാൻ ബൊറിവാലിയിലുള്ള ഹോട്ടലിലെത്തുകയും കഴിച്ച ഭക്ഷണത്തിന് 35000 രൂപ ബിൽ നൽകുകയും ചെയ്തു. ഇത്രയും വലിയ ബിൽ തുക കണ്ട് അമ്പരന്ന് സംശയം തോന്നിയ യുവാവ് പൊലീസിൽ പരാതി നൽകുകയും പിന്നീട് ബിൽ തുക 30000 ആയി കുറക്കുകയും പകുതി വീതം നൽകാമെന്ന് യുവതി തീരുമാനത്തിലെത്തുകയും ചെയ്തു.
പരാതിക്കാരൻ 15000 രൂപ ക്യു.ആർ കോഡ് വഴി നൽകുകയും ചെയ്തു. എന്നാൽ ഈ തുക ഹോട്ടലിന്‍റെ അക്കൗണ്ടിലേക്കല്ല പോയതെന്നും മുഹമ്മദ് താലിബ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും യുവാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്തു.
അന്വേഷണത്തിൽ യുവതി ഹോട്ടൽ സ്റ്റാഫുമായി ചേർന്ന് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് ശർമയുടെ ഫോൺ നമ്പർ പിന്തുടരുകയും നവി മുബൈയിലെ ഹോട്ടലിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. വ്യാഴാഴ്ച പൊലീസ് ഹോട്ടൽ റെയ്ഡ് ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ ഡേറ്റിങ് ആപ്പ് വഴി യുവാക്കളെ കുടുക്കി പണം തട്ടുന്ന സംഘത്തിലെ അംഗമാണ് യുവതിയെന്ന് കണ്ടെത്തി.ഡൽഹിയിൽ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഉള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. യുവതികളുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പുരുഷൻമാരെ വിളിച്ചു വരുത്തി ഭക്ഷണം കഴിച്ച് വ്യാജ ബില്ലുണ്ടാക്കി കബളിപ്പിക്കലായിരുന്നു ഇവരുടെ സ്ഥിരം തട്ടിപ്പ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.