പൂനെ: ജീവിത പങ്കാളിയെ അന്വേഷിച്ച് പരസ്യം നൽകിയ വയോധികന് നഷ്ടമായത് പതിനൊന്ന് ലക്ഷം രൂപ. പൂനെ ബിംബെവാഡി സ്വദേശിയായ 85കാരനാണ് മാട്രിമോണിയൽ സൈറ്റ് വഴി തട്ടിപ്പിന് ഇരയായത്. പ്രാദേശിക പത്രത്തിൽ കണ്ട പരസ്യത്തിൽ താൽപര്യം തോന്നിയാണ് ഇയാൾ പങ്കാളിക്കായി അന്വേഷണം ആരംഭിച്ചത്.
രജിസ്ട്രേഷന്‍റെ പേരിലാണ് തട്ടിപ്പ് തുടങ്ങിയത്. രജിസ്ട്രേഷന് ശേഷം പെൺകുട്ടിയുടെ വിവരങ്ങൾ കൈമാറി. തുടർന്ന് അദ്ദേഹം പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെടുകയും വളരെ പെട്ടെന്ന് തന്നെ യുവതി വയോധികന്‍റെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. പലപ്പോഴായി ഇയാളിൽ നിന്ന് യുവതി പണം വാങ്ങി. സാമ്പത്തികമായി പിന്നിലാണെന്ന യുവതിയുടെ വാദത്തിൽ വിശ്വസിച്ചാണ് പണം നൽകിയത്.
വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ യുവതി പലപ്പോഴായി ഒഴിഞ്ഞ് മാറുന്ന സാഹചര്യം ഉണ്ടായി. യുവതി കൂടുതൽ പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെ സംശയം തോന്നിയ ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏപ്രിൽ 18നും ജൂൺ 6നും ഇടയിലാണ് സംഭവം നടന്നത്.
ഭാരതീയ ന്യായ സംഹിത ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 319(2), 318(4), ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ട് എന്നിവ പ്രകാരം യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ മരണപ്പെട്ടതിനെ തുടർന്ന് പതിനൊന്ന് വർഷത്തോളമായി ഒറ്റക്ക് താമസിക്കുകയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.