പ്രതി അഷ്‌റഫ്‌ 

വീട് കുത്തിത്തുറന്ന് ആറ് പവൻ കവർന്ന സംഭവം; സഹോദരി ഭർത്താവ് പിടിയിൽ

തൃക്കുന്നപ്പുഴ: വീട് കുത്തിത്തുറന്ന് ആറ് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ തൃക്കുന്നപ്പുഴ പൊലീസ് അതിവേഗം പിടികൂടി. തൃക്കുന്നപ്പുഴ പതിയാങ്കര കൊച്ചുതറയിൽ സദഖത്തിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. സദഖത്തിന്റെ സഹോദരി ഭർത്താവും തൊട്ടടുത്ത വീട്ടിലെ താമസക്കാരനുമായ അഷ്റഫ് (44) ആണ് പിടിയിലായത്.​

വീട്ടിലെ മുറിയിൽ ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് അഷ്റഫ് കവർന്നത്. ആലപ്പുഴയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ വലയിലാക്കാൻ പൊലീസിനെ സഹായിച്ചത്. ഡോഗ് സ്ക്വാഡിലെ ''റെഡ്ഡി'' എന്ന സ്നിഫർ ഡോഗ് മോഷണം നടന്ന വീട്ടിൽ നിന്നും മണം പിടിച്ച് തൊട്ടടുത്ത് താമസിക്കുന്ന പ്രതിയുടെ വീട്ടിലെത്തി നിൽക്കുകയായിരുന്നു.​ ഇതോടെ സംശയത്തിന്റെ നിഴലിലായ അഷ്റഫിനെ തൃക്കുന്നപ്പുഴ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് പ്രതിയുമായി പൊലീസ് നടത്തിയ പരിശോധനയിൽ, വീടിന്റെ പരിസരത്ത് മണ്ണിൽ കുഴിച്ചിട്ട നിലയിൽ മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു. ​തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ലാൽ സി. ബേബിയുടെ നേതൃത്വത്തിൽ എസ്.ഐ. രഞ്ജിത്ത്, സോമരാജൻ, എ.എസ്.ഐ.മാരായ പ്രദീപ്, സബീന, ഗോപകുമാർ, എസ്.സി.പി.ഒമാരായ അനിൽ കുമാർ , അനീഷ് കുമാർ, സാജിദ്, അനിൽ, അനന്ത പത്മനാഭൻ, അനീസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - 48 Gram Gold looted after breaking into house Sister's husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.